കോട്ടയ്ക്കല്‍: ഓണ്‍ലൈന്‍ പഠനത്തിന് സഹായം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഒട്ടും താമസിച്ചില്ല ഫോണ്‍ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് മന്ത്രി റിയാസ്. മന്ത്രിയുടെ ഇടപെടലില്‍ വൈകാതെ കുട്ടിക്ക് വീടും സ്വന്തമാകും.
വേങ്ങര പാക്കടപ്പുറായയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പിഎം എസ്എഎം യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മന്ത്രിക്കു കത്തയച്ചത്. കൂലിപ്പണിക്കു പോകുന്ന പിതാവിന്റെ ഫോണ്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥിനിയും സഹോദരനും ഇപ്പോള്‍ പഠിക്കുന്നത്. പിതാവ് ജോലി കഴിഞ്ഞു വീട്ടിലെത്താന്‍ വൈകുന്നതിനാല്‍ പഠനം മുടങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്.
ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് കൂടിയായ മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറി പികെ മുബഷിര്‍ കോട്ടയ്ക്കല്‍ ബ്ലോക്ക് കമ്മിറ്റിയെ വിവരമറിയിച്ചു. ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ഫോണ്‍ ഭാരവാഹികളായ ടിപി ഷമീം, സുബ്രഹ്മണ്യന്, ടികെ നൗഷാദ്, എംപി വൈശാഖ്, ഒകെ അനില്‍, പിപി ഫയാസ് എന്നിവര്‍ വീട്ടിലെത്തി വിദ്യാര്‍ത്ഥിനിക്കു കൈമാറി.
ഇതു കൂടാതെ, സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുട്ടിയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റിയാസ്, മന്ത്രി എംവി ഗോവിന്ദന് കത്ത് നല്‍കുകയും ചെയ്തു. ആവശ്യമായ സഹായം ചെയ്യുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും അറിയിച്ചു.