നിലമ്പൂര്‍: തൊണ്ണൂറാം വയസ്സിലും ചായക്കട നടത്തി സ്ത്രീസമൂഹത്തിന് പ്രചോദനമാകുന്ന മയ്യന്താനിയിലെ നാണിക്കുട്ടിയമ്മയ്ക്ക് അന്തര്‍ദേശീയ വനിതാദിനത്തില്‍ മഹിളാ സംഘത്തിന്റെ ആദരം. കേരള മഹിളാസംഘം നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാണിക്കുട്ടിയമ്മയെ ആദരിച്ചത്.
പള്ളിക്കുത്ത് നാണിക്കുട്ടിയമ്മയും ഭര്‍ത്താവും നാല്‍പ്പതുകൊല്ലം മുന്‍പ് തുടങ്ങിയതാണ് ചായക്കച്ചവടം. ഭര്‍ത്താവിന്റെ വേര്‍പാടോടെ നാണിക്കുട്ടിയമ്മ ഒറ്റയ്ക്ക് കച്ചവടം ഏറ്റെടുത്തു നടത്തുകയായിരുന്നു. ഇപ്പോള്‍ തൊണ്ണൂറാം വയസ്സിലും തുടരുകയാണ് ചായക്കച്ചവടം നടത്തിയുള്ള ജീവിതപ്പോരാട്ടം.
മണ്ഡലം പ്രസിഡന്റ് ശാന്താ മോഹന്‍ദാസ്, സെക്രട്ടറി ഫാത്തിമ സലീം, നിലമ്പൂര്‍ നഗരസഭാംഗം യുകെ ബിന്ദു, നാജിയാ ഷാനവാസ്, അഡ്വ. മോഹിത മോഹന്‍, ജൂബിറ്റ്, ഷീല, റജീന, ശോഭ എന്നിവര്‍ ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.