കോഴിക്കോട്: കുറ്റ്യാടിയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ്കുട്ടി സ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നു കുറ്റ്യാടി സീറ്റില്‍നിന്നു കേരള കോണ്‍ഗ്രസ് (എം) ഇന്നലെ പിന്മാറിയിരുന്നു.
സീറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു നല്‍കിയതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതായി പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെപി കുഞ്ഞമ്മദ് കുട്ടിക്ക് സീറ്റ് നല്കാതിരിക്കാനാണ് മണ്ഡലം മാണി കോണ്‍ഗ്രസിനു വിട്ടു നല്‍കിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.
പ്രതിഷേധത്തിന്റെ വ്യാപ്തി മനസിലാക്കിയ കേരള കോണ്‍ഗ്രസ് സീറ്റ് സിപിഎമ്മിന് വിട്ടു നല്‍കുകയായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനുമാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ കുറ്റ്യാടി സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കുകയാണെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇതോടെ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 12 ആയി. പ്രാദേശിക പ്രതിഷേധങ്ങളെ തുടര്‍ന്ന് കുറ്റ്യാടി ഒഴിച്ചിട്ടാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.