കോഴിക്കോട്: 5.6 കിലോ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് ബാങ്കില്‍ നിന്നും 1.69 കോടി രൂപ വായ്പയെടുത്ത യുവതി പിടിയില്‍. വയനാട് ഇരുളം മണവയല്‍ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടില്‍ കെകെ ബിന്ദുവിനെയാണ് (43) ടൗണ്‍ ഇന്‍സ്പെക്ടര്‍ എ ഉമേഷ് അറസ്റ്റ് ചെയ്തത്.
പിഎം താജ് റോഡിലെ ദേശസാത്കൃത ബാങ്കിന്റെ ശാഖയിലാണ് യുവതി 5.6 കിലോ മുക്കുപണ്ടം പണയംവെച്ചത്. ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ് വ്യാജസ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ ടൗണ്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം, ബാങ്ക് ജീവനക്കാരുടെ പങ്കും പോലീസ് സംശയിക്കുന്നുണ്ട്.
ബാങ്ക് കെട്ടിടത്തിനു താഴെയും കോര്‍ട്ട് റോഡിലുമായി റെഡിമെയ്ഡ് കട, മെസ് ഹൗസ്, ബ്യൂട്ടിപാര്‍ലര്‍, ടെയ്ലറിങ് യൂനിറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുകയാണ് പ്രതി. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉപയോഗിച്ചും സ്വന്തമായും പണയം വെച്ചായിരുന്നു തട്ടിപ്പ്. 1,69,51,385 രൂപയാണ് യുവതി കൈക്കലാക്കിയത്.
നേരത്തേ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന ബിന്ദു ജാമ്യത്തിലിറങ്ങിയാണ് സ്വര്‍ണ്ണപ്പണയ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ നവംബര്‍ 24 വരെ 45 തവണയാണ് ഇവര്‍ വ്യാജ സ്വര്‍ണം പണയംവെച്ചത്. ഇതില്‍ 20 തവണ ബിന്ദു തന്നെയും ബാക്കിയുള്ളത് സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് വഴിയായിരുന്നു പണയം വെച്ചത്.
തൃശൂരില്‍ നിന്നാണ് വ്യാജസ്വര്‍ണം എത്തിക്കുന്നതെന്ന് പ്രതി മൊഴി നല്കി. 10 ശതമാനം മാത്രം സ്വര്‍ണത്തിന്റെ അംശമുള്ള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. വളകളും മാലകളുമാണ് പണയംവെച്ചതില്‍ ഏറെയും. വ്യാജ സ്വര്‍ണാഭരണം നിര്‍മിച്ച തൃശൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
ബിന്ദുവിന്റെ അക്കൗണ്ട് ഈ ബാങ്കിലായതിനാല്‍ ജീവനക്കാരുമായി സൗഹൃദമുണ്ടായിരുന്നു. പണയംവെക്കുന്ന സ്വര്‍ണം പരിശോധിക്കുന്ന അപ്രൈസര്‍ക്കും തട്ടിപ്പില്‍ ബന്ധമുള്ളതായി സംശയമുണ്ട്. ബാങ്ക് മാനേജറെയും കടയിലെ ജീവനക്കാരെയും പോലീസ് ഉടന്‍ ചോദ്യംചെയ്യും. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
നഗരത്തിലെ ഫ്ലാറ്റിലാണ് ബിന്ദു താമസിച്ചിരുന്നത്. ഇവിടെ നിന്നും ബിന്ദുവിന്റെ കടകളില്‍ നിന്നും വ്യാജസ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. വിവിധയിടങ്ങളിലെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.
ടൗണ്‍ എസ്ഐമാരായ കെടി ബിജിത്ത്, പി വാസുദേവന്‍, എഎസ്ഐ മുഹമ്മദ് സബീര്‍, എസ്സിപിഒ ഉദയകുമാര്‍, സുനിത, സിജി, സിപിഒ സജീഷ്, സിജിത്ത്, ഷിജു, സുധില വേണുഗോപാല്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.