വൈക്കം: മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ 70-ാം പിറന്നാള്‍ ദിനത്തില്‍ താരത്തിന് ജന്മനാടിന്റെ പിറന്നാള്‍ സമ്മാനം. വൈക്കം ചെമ്പിലെ ഒരു റോഡിന് ‘പത്മശ്രീ ഭരത് മമ്മൂട്ടി’ എന്ന് പേരിട്ടു. മമ്മൂട്ടിയുടെ തറവാട്ടിലേക്ക് എത്തിച്ചേരാനുള്ള ചെമ്പ് മുസ്ലിം പള്ളി – കാട്ടാമ്പള്ളി റോഡിന് ആണ് പത്മശ്രീ ഭരത് മമ്മൂട്ടി റോഡ് എന്ന് നാമകരണം ചെയ്തത്.
ചെമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇത്തരത്തില്‍ പിറന്നാള്‍ സമ്മാനം മമ്മൂട്ടിക്ക് നല്‍കിയത്. ചെമ്പ് ഗ്രാമത്തിലെ ലോക ശ്രദ്ധയില്‍ എത്തിച്ച നടന് ആദരം നല്‍കാനുള്ള തീരുമാനം പഞ്ചായത്ത് കമ്മിറ്റി പാസാക്കി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.രമേശന്, പഞ്ചായത്തംഗങ്ങളായ അമല്‍രാജ്, കെവി പ്രകാശന്, സുനില്‍ മുണ്ടയ്ക്കല്‍, രാഗിണി ഗോപി, റെജി മേച്ചേരി, ലത അനില്‍കുമാര്‍, രഞ്ജിനി ബാബു, ഉഷ പ്രസാദ്, രമണി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.