കോട്ടയം: അതിജീവനം കിറ്റിലേക്ക് ഉല്പന്നങ്ങള് നല്‍കിയും ഓണം മേളകളിലൂടെ വരുമാനം കൊയ്തും ഓണവിപണിയില്‍ ഒരു കോടി രൂപയുടെ നേട്ടവുമായി കുടുംബശ്രീ.
ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒന്ന് എന്ന നിലയില്‍ 66 സ്ഥലങ്ങളിലും മെഗാ മേളകളായി സംഘടിപ്പിച്ച 3 എണ്ണവും അടക്കം 69 മേളകളാണ് ഓണക്കാലത്ത് മാത്രം കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ചത്. ഇതുവഴി 62 ലക്ഷം രൂപയുടെ വരുമാനമാണു നേടിയത്.
സപ്ലൈകോ വഴി വിതരണം ചെയ്ത അതിജീവനം കിറ്റിലേക്ക് ശര്‍ക്കര വരട്ടി, ഉപ്പേരി എന്നിവ നല്‍കിയതിലൂടെ 71.5 ലക്ഷം രൂപയുടെ വരുമാനം കുടുംബശ്രീ യൂണിറ്റുകള്‍ക്കു ലഭിച്ചു. 3,000 യൂണിറ്റുകള്‍ക്ക് വിപണന മേളയില്‍ നിന്നു പ്രയോജനം ലഭിച്ചതായി കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഓണവിപണിയില്‍ പച്ചക്കറി കച്ചവടമാണു പൊടി പൊടിച്ചത്. 27 ലക്ഷം രൂപയുടെ പച്ചക്കറികളാണു മേളകളില്‍ വിറ്റത്. ഈ സീസണില്‍ വിളയുന്ന പച്ചക്കറികള്‍ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു തന്നെയാണു ശേഖരിച്ചത്.
കണ്ടെയ്ന്മെന്റ് സോണുകളുള്ള മേഖലകളില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്ക്കാണു കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നത്. 21 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. തുണി, ഹാന്‍ഡിക്രാഫ്റ്റ് തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ ഉണ്ടായി.