കല്ലറ: കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മയുടെ ജീവന് രക്ഷിക്കാന്‍ ആക്രി പെറുക്കി വിറ്റ് ഒരുപറ്റം യുവാക്കള്‍ സമ്പാദിച്ചത് 3.50 ലക്ഷം രൂപ. കല്ലറ കൂട്ടുങ്കല്‍ വീട്ടില്‍ രാജി ഷിജുവിന്റെ (40) ചികിത്സാ ചെലവിനായാണ് നാട്ടിലെ യുവാക്കള്‍ 10 ദിവസം കൊണ്ട് ആക്രി പെറുക്കിയും 100 രൂപ ചാലഞ്ച് നടത്തിയും 3.50 ലക്ഷം സ്വരൂപിച്ചത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം കുടുംബത്തിന് തുക കൈമാറി. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ രാജി ഷിജു തലയ്ക്കും നട്ടെല്ലിനും കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. രാജിക്കു ശസ്ത്രക്രിയകളും പലവിധ ചികിത്സകളും നടത്തി കുടുംബം ദുരിതത്തിലായി.
തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ആര്‍സിസിയില്‍ കൊണ്ടു പോകാനാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇവിടെ ഒരു ഓപ്പറേഷന് കൂടി നടത്തണം. ഇതിനുള്ള പണം കണ്ടെത്താനാകാതെ വിഷമത്തിലായ രാജിയുടെ കുടുംബത്തെ സഹായിക്കാനാണ് യുവാക്കള്‍ ഇറങ്ങിത്തിരിച്ചത്. പണം സ്വരൂപിക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാതായതോടെയാണ് യുവാക്കള്‍ ആക്രി പെറുക്കി വിറ്റ് പണം കണ്ടെത്തിയത്.