പത്തനംതിട്ട: ആകെയുള്ള ഭൂമിയും നഷ്ടപ്പെടുമോയെന്ന ഭീതിയിലായിരുന്നു സബിത. പക്ഷെ സബിതയുടെ സങ്കടം കണ്ടില്ലെന്നുനടിക്കാനായില്ല, മന്ത്രി എസി മൊയ്തീന്റെ ഇടപെടലില്‍ ജപ്തി നടപടി നിര്‍ത്തിവെച്ചു. സാന്ത്വന സ്പര്‍ശം അദാലത്തില്‍ എത്തി സങ്കടം ബോധിപ്പിച്ചതിലൂടെയാണ് സബിത എസ് നായര്‍ക്ക് സ്വന്തം ഭൂമി നഷ്ടപെടാതെ തിരിച്ചുപിടിക്കാനായത്.
ജില്ലാ ബാങ്കിന്റെ ഓമല്ലൂര്‍ ശാഖയില്‍നിന്ന് വസ്തു ഈടിന്മേല് സബിത നാലേമുക്കാല്‍ ലക്ഷം രൂപയാണ് വായ്പ എടുത്തത്. ഇതാണ് പലിശയും കൂട്ടുപലിശയും അടക്കം ജപ്തി നടപടികളിലേക്ക് എത്തിയത്.
സബിത തന്റെ ജീവിത സാഹചര്യം മന്ത്രി എസി മൊയ്തീനെ അറിയിച്ചു. 12 വയസ്സുള്ള മകളും വൃദ്ധരായ മാതാപിതാക്കളുടെ ചുമതലയും ദിവസവേതനക്കാരിയായ സബിതയുടെ ചുമലിലാണ്. മൂന്നുവര്‍ഷമായി തുകയടയ്ക്കാത്തതിനാല് പലിശയും കൂട്ടുപലിശയും ആയി അവസാനം ജപ്തി നടപടികളിലേക്ക് ബാങ്ക് നീങ്ങുന്ന സമയത്താണു സബിത അദാലത്തില്‍ പങ്കെടുക്കാനെത്തിയത്.
സബിതയുടെ വിഷമതകള്‍ അറിഞ്ഞ മന്ത്രി ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തവണകള്‍ നീട്ടി നല്‍കാനും പരമാവധി ഇളവുകള്‍ നല്‍കാനും അദാലത്തില്‍ തീരുമാനമായി.
പത്തനംതിട്ടയില്‍ 22 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ നട്ടെല്ലിനു സാരമായ പരിക്കേറ്റ ബിജു വര്‍ഗീസിന് അടിയന്തര ചികിത്സാ സഹായമായി 15,000 രൂപയും, ഭാര്യ ജൂബി ജോസഫിന് 10,000 രൂപയും അനുവദിച്ചു. കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് വീല്‍ചെയറിലാണ് ഇപ്പോള്‍ ബിജുവിന്റെ ജീവിതം ഭാര്യ ജൂബി ജോസഫിന് ആറുവര്‍ഷമായി ബ്രയിന്‍ ട്യൂമറാണ്.