കോട്ടയം: സൗഹൃത്തുക്കള്‍ എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. ഏതൊരു അവസ്ഥയിലും, സാഹചര്യത്തിലും സഹായിക്കാന്‍ ഓടിയെത്തുന്നവരാണ് നല്ല സുഹൃത്തുക്കള്‍. മൃഗങ്ങള്‍ക്കിടയിലും ഇത്രത്തില്‍ സൗഹൃദങ്ങളുണ്ടെന്ന് നമുക്ക് കാണിച്ചുതരികയാണ് കോട്ടയത്ത് രണ്ട് തെരുവ് നായ്ക്കള്‍.
കഴുത്തില്‍ കെട്ടിയ ബെല്‍റ്റ് മുറുകി മുറിവായി, പിന്നീട് വ്രണമായി വേദന സഹിച്ച് പരക്കം പായുന്ന നായയെ സഹായിക്കാന്‍ ‘കൂട്ടുകാരനായ’ മറ്റൊരു തെരുവ് നായ എത്തി. തിരുവാര്‍പ്പ് കൊച്ചുപാലം ജംക്ഷനു സമീപമാണ് സംഭവം അരങ്ങേറുന്നത്.
നായയുടെ ചെറുപ്രായത്തില്‍ ഇട്ട ബെല്‍റ്റ് വലുതായപ്പോള്‍ മുറുകിയതോടെ മുറിവായി, പിന്നീട് വ്രണവുമായി. കുറെ നാളുകളായി നായ ഈ പ്രദേശത്തുണ്ട്. വേദന സഹിച്ചു പരക്കം പായുന്ന ഈ നായയെ സഹായിക്കാന്‍ നോക്കുകയാണ് ‘കൂട്ടുകാരന്’. വ്രണത്തിന്റെ വേദനയില്‍ കരഞ്ഞ് പരക്കം പായുന്ന നായയെ ആശ്വസിപ്പിക്കാനാണ് ഒപ്പമുള്ള നായയുടെ ശ്രമം.
ബെല്‍റ്റിന്റെ കുരുക്കഴിക്കാന്‍ നാട്ടുകാര്‍ എത്തുമ്പോഴെല്ലാം ഈ നായ ഓടി മാറും. സന്നദ്ധപ്രവര്‍ത്തകര്‍ ഇടപെട്ട് നായയുടെ ദുരിതത്തിനു പരിഹാരം കാണുമെന്നാണു തിരുവാര്‍പ്പിലെ നാട്ടുകാരുടെ പ്രതീക്ഷ.