കോട്ടയം: കിടപ്പാടമില്ലാത്ത 50 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ 40 സെന്റ് സ്ഥലം സൗജന്യമായി നല്കി നന്മയുടെ പ്രതീകമായി പൊതുപ്രവര്ത്തകന് രാജ്മോഹന്‍. തിരുവാര്‍പ്പ് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കിളിരൂര്‍ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷന് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിനാണു രാജ്മോഹന്‍ സ്ഥലം നല്‍കുന്നത്.
ഇതുസംബന്ധിച്ച് ഇന്നലെ ഗ്രാമസഭയില്‍ പ്രഖ്യാപനം നടത്തി. ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും കിളിരൂര്‍ 750-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റുമാണ് രാജ്മോഹന്‍. ഒന്നരയേക്കര്‍ സ്ഥലമാണ് രാജ്മോഹന്‍ ഇവിടെ സ്വന്തമായുള്ളത്. ബാക്കി സ്ഥലം അങ്കണവാടി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്കൂള്‍, കായിക പരിശീലനത്തിനുള്ള മൈതാനം തുടങ്ങിയ പദ്ധതികള്‍ക്ക് വിട്ടു നല്‍കുമെന്നും രാജ്മോഹന്‍ പറഞ്ഞു.
പഞ്ചായത്തില്‍ വീടില്ലാത്തവരുടെ പട്ടിക തയാറാക്കിയതാണ് ഇത്തരം ഒരു ചിന്തയ്ക്ക് പ്രേരണയായതെന്നു രാജ്മോഹന്‍ പറയുന്നു. പഞ്ചായത്തിലെ സ്ഥിര താമസക്കാരില്‍ 102 പേര്‍ക്ക് സ്വന്തമായി വീടില്ല. ഇതില്‍ 55 പേര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലവുമില്ലെന്നു കണ്ടെത്തി. വീട് നിര്‍മ്മിക്കാന്‍ ലൈഫ് മിഷന് ഫണ്ട് ഉണ്ടെങ്കിലും സ്ഥലം വാങ്ങാന്‍ നല്‍കുന്നത് 2 ലക്ഷം രൂപയാണ്.
2 ലക്ഷം രൂപയ്ക്ക് 3 സെന്റ് സ്ഥലം എങ്ങും ലഭിക്കാതെ വന്നതോടെ ഏതാനും വര്‍ഷങ്ങളായി പദ്ധതി പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തന്റെ അധ്വാനം കൊണ്ട് 12 വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. ഈ സ്ഥലത്തേക്ക് പോകുന്നതിനു റോഡ് നിര്‍മിക്കാനുള്ള സ്ഥലവും വിലയ്ക്ക് വാങ്ങിയിട്ടുണ്ട്.
നേരത്തേ ഇദ്ദേഹം ഒരു കുടുംബത്തിനു വീടു നിര്‍മിച്ചു നല്‍കുകയും ഒരു കുടുംബത്തിനു വീടും സ്ഥലവും നല്‍കുകയും ചെയ്തിരുന്നു. 2018 ലെ വെള്ളപ്പൊക്ക സമയത്ത് ഒട്ടേറെപ്പേരെ തന്റെ ബസുകളില്‍ രാജ്മോഹനും സുഹൃത്തുക്കളും രക്ഷിച്ചു.
ആര്‍മി ഇന്റലിജന്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു രാജ്മോഹന്‍. പിന്നീട് വിദേശത്ത് ജോലിയില്‍ പ്രവേശിച്ചു. വിവിധ കമ്പനികളില്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ച ശേഷം മുംബൈയില്‍ സ്വന്തമായി ബിസിനസ് ചെയ്തു. ഇതിനു ശേഷമാണ് നാട്ടില്‍ എത്തി പൊതുപ്രവര്ത്തനങ്ങളില് സജീവമായത്. ഇപ്പോള്‍ ഫാം, ബസ് സര്‍വ്വീസ് തുടങ്ങിയവ നടത്തുന്നുണ്ട്. രാജ്മോഹന്റെ സല്പ്രവൃത്തിക്ക് കുടുംബത്തിന്റെ പിന്തുണയും ഉണ്ട്.