കോട്ടയം: തിരുവനന്തപുരത്ത് കുടുംബത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് ഇപ്പോഴും കേരളം. തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ തട്ടിമാറ്റിയ തീ ശരീരത്തിലേയ്ക്കു ആളിപ്പടര്‍ന്ന് ദമ്പതിമാര്‍ കൊല്ലപ്പെട്ട സംഭവമാണ് രണ്ട് ദിവസമായി കേരളജനതയെ ദുഖത്തിലാഴ്ത്തിയിരിക്കുന്നത്.
എന്നാല്‍ ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നടന്ന ഒരു ജപ്തിയും അന്ന് പോലീസ് ആ കുടുംബത്തിനു വീട് ഒരുക്കി നല്കിയതും വീണ്ടും ഓര്‍മ്മയിലേക്ക് എത്തുകയാണ്. കാഞ്ഞിരപ്പള്ളി എസ്ഐയായിരുന്ന എഎസ് അന്‍സിലാണ് ജപ്തിയോടെ വഴിയാധാരമായ കുടുംബത്തിനു വീടു വെച്ച് നല്കി മാതൃകയായത്.
വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി എസ്ഐയായിരുന്ന എഎസ് അനിസിലിനു മുന്നിലേയ്ക്ക് ഒരു കോടതി വിധി എത്തി. കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ ബബിത ഷാനവാസിനെയും മകളെയും കോടതി നടപടികളുടെ ഭാഗമായി ഒഴിപ്പിക്കണമെന്നായിരുന്നു ഉത്തരവ്.
ജപ്തിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. പോലീസ് സംഘം ജപ്തി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് ബബിതയുടെ രോഗാവസ്ഥയും കുടുംബത്തിന്റെ നിര്‍ധനാവസ്ഥയും എസ്ഐയ്ക്കു ബോധ്യപ്പെട്ടത്. കോട്ടയം സ്വദേശിയായ എസ്ഐ ഉടന്‍ തന്നെ ഈ കുടുംബത്തിനു താമസിക്കാന്‍ വാടക വീട് ഉറപ്പാക്കുകയാണ് ചെയ്തത്.
ജപ്തി ചെയ്യാനൊരുങ്ങിയ വീട്ടില്‍ നിന്നും സാധനങ്ങളെല്ലാം അന്‍സില്‍ വാടക വീട്ടിലേയ്ക്കു മാറ്റി. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ, നല്ലവരായ നാട്ടുകാരെയും ഒപ്പം കൂട്ടി അന്‍സില്‍ നിര്‍ധന കുടുംബത്തിനു വീടും വെച്ചു നല്കി.
തിരുവനന്തപുരത്ത് ജപ്തി നടപടിക്കെത്തിയ പോലീസ് സംഘത്തിന്റെ മുന്നില്‍ ഒരു കുടുംബം കത്തിയെരിഞ്ഞത് കാണുമ്പോഴാണ് കാഞ്ഞിരപ്പള്ളിയിലെ പോലീസിന്റെ കാരുണ്യസ്പര്‍ശം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.