അതിരമ്പുഴ: മരണവീടുകളിലും മറ്റ് ആഘോഷ പരിപാടികള്‍ നടക്കുന്ന വീടുകളിലും മാത്രം കയറി മോഷണം നടത്തുന്ന കള്ളന് പോലീസ് പിടിയില്‍. മരണ, വിവാഹ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന ‘ചക്കര’ എന്ന കാഞ്ഞിരപ്പള്ളി പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ഫ്രാന്‍സീസി (ചക്കര-38)നെയാണ് ഏറ്റുമാനൂര്‍ പോലീസ് പിടികൂടിയത്.
അതിരമ്പുഴയിലെ മരണവീട്ടില്‍ മോഷണം നടത്തിയതിനാണ് പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളാണ് ചക്കരയെ കുടുക്കിയത്. പകല്‍ സമയങ്ങളില്‍ മരണവീടുകളിലും മറ്റ് ആഘോഷ പരിപാടികള്‍ നടക്കുന്ന വീടുകളിലും മാത്രം കയറി മോഷണം നടത്തുന്നതാണ് ചക്കരയുടെ രീതി.
പത്ര വാര്‍ത്തകള്‍ നോക്കിയാണ് ഇയാള്‍ മോഷണം നടത്തുന്ന വീടുകള്‍ തെരഞ്ഞെടുക്കുന്നത്. മരണ വാര്‍ത്തകള്‍ കണ്ടെത്തി വീടുകള്‍ തെരഞ്ഞെടുക്കും. തുടര്‍ന്നു മാന്യമായി വസ്ത്രം ധരിച്ചു വീടുകളില്‍ എത്തി വീട്ടുകാരുടെ അടുത്തയാളെന്ന നിലയില്‍ പെരുമാറി തരം കിട്ടുമ്പോള്‍ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കുകയാണ് പതിവ്.
രണ്ടു മാസം മുന്‍പ് ഹൈദരാബാദില്‍ അതിരമ്പുഴ സ്വദേശിയായ പൈലറ്റ് ട്രെയ്നിംഗ് വിദ്യാര്‍ത്ഥിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ വാര്‍ത്ത പത്രങ്ങളില്‍ വായിച്ച ഫ്രാന്‍സിസ് മാന്യമായ വസ്ത്രം ധരിച്ചെത്തി വീട്ടുകാരുടെ അടുത്തയാളെന്ന നിലയില്‍ പെരുമാറി മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ മേശയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും മറ്റൊരാളുടെ പഴ്സിലെ പണവും മോഷ്ടിച്ചിരുന്നു.
മരണാനന്ത ചടങ്ങുകള്‍ക്ക് ശേഷം വീട്ടുകാര്‍ പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചക്കരയെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്കെതിരെ ജില്ലയിലെ പല സ്റ്റേഷനുകളിലും സമാനമായ രീതിയില്‍ കേസുണ്ട്.
വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചിരുന്ന ചക്കര ഇപ്പോള്‍ കോട്ടയം നാഗമ്പടത്താണ് താമസിക്കുന്നത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ എസ്എച്ച്ഒ രാജേഷ് കുമാര്‍, എസ്ഐമാരായ ദീപക്, ഷാജിമോന്‍, എഎസ്ഐമാരായ പ്രദീപ്, തോമസ്, സിപിഒമാരായ സാബു മാത്യു, സ്മിജിത്ത് വാസവന്, രാജേഷ് ടിപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.