കുറുപ്പന്തറ: റേഷന്‍ കടയില്‍ വിതരണത്തിന് എത്തിച്ച അരി കുത്തനും പുഴുവും കയറി നശിച്ച നിലയില്‍. മോശമായ അരി കടയില്‍ ഇറക്കാന്‍ വിസമ്മതിച്ച് വ്യാപാരി. ഇന്നലെ ഉച്ചയോടെ കുറുപ്പന്തറ 145-ാം നമ്പര്‍ റേഷന്‍ കടയിലായിരുന്നു സംഭവം.
വിതരണത്തിനായി ലോറിയില്‍ കൊണ്ടുവന്ന 22 ചാക്ക് അരിയാണ് കുത്തനും പുഴുവും കയറി നശിച്ച നിലയില്‍ ഉണ്ടായിരുന്നത്. തലയോലപ്പറമ്പിലെ ഗോഡൗണില്‍ നിന്നുമാണ് അരി എത്തിയത്. ഇന്നലെ വിതരണം ചെയ്യേണ്ട അരി മോശമാണെന്ന് കണ്ടതോടെ നാട്ടുകാര്‍ ഇടപെട്ട് ഇറക്കാന്‍ അനുവദിച്ചില്ല. കുത്തന്‍ കയറി ചാക്കിനുള്ളിലെ അരി പൂര്‍ണമായും നശിച്ചതായിരുന്നുവെന്ന് മാഞ്ഞൂര്‍ വികസന സമിതി പ്രസിഡന്റ് വിന്‍സന്റ് ചിറയില്‍ പറഞ്ഞു.
അരി തീരെ മോശമാണെന്നും വിതരണം ചെയ്യാന്‍ കഴിയില്ലെന്നും റേഷനിങ് ഓഫിസറെ അറിയിച്ചതായി റേഷന്‍ കട ഉടമ സിപി ഗീതാകുമാരി അറിയിച്ചു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം അരി ഗോഡൗണിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു.
അതേസമയം, ആലപ്പുഴ പാതിരപ്പള്ളിയില്‍ കഴിഞ്ഞമാസം ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച റേഷനരി പിടികൂടിയിരുന്നു. എക്സല്‍ഗ്ലാസ് ഫാക്ടറിയ്ക്കടുത്തുള്ള ഗോഡൗണില്‍ നിന്നും നാട്ടുകാരാണ് അരി പിടികൂടിയത്. അരി എറണാകുളത്തേക്ക് കടത്താനായിരുന്നു ശ്രമമെന്ന് നാട്ടുകാര്‍ പറഞ്ഞു.
250 ചാക്ക് അരിയാണ് ഗോഡൗണില്‍ നിന്നും പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ റേഷന്‍ കടകളില്‍ നിന്നും എത്തിച്ചതാണ് അരി. ബോംബെ തങ്കച്ചന് എന്ന സ്വകാര്യവ്യക്തിയാണ് ഗോഡൗണിന്റെ ഉടമസ്ഥന്.