കോട്ടയം: സ്വത്ത് കൈക്കലാക്കാന്‍ വരുന്ന കല്ല്യാണാലോചനകള്‍ എല്ലാം മുടക്കിയെന്നാരോപിച്ച് സഹോദരിയെയും ഭര്‍ത്താവിനെയും സഹോദരന് വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇടുക്കി ചുരുളി കുഴിഞ്ഞാലില്‍ എബിന് (45), ഭാര്യ സില്‍വി (40) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഗുരുതരമായി വെട്ടേറ്റ ഇരുവരെയും തൊടുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സില്‍വിയുടെ സഹോദരന് ആനച്ചാല്‍ പുളിക്കച്ചുണ്ടേല് സാജനെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു.
വീടിനു സമീപത്തുള്ള ഷെഡില്‍ പശുവിനെ കറക്കാന്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. ഈ സമയം അവിടെയെത്തിയ സില്‍വി സഹോദരനുമായി വഴക്കുണ്ടായി. വാക്കുതര്‍ക്കത്തിനിടയില്‍ കൈയില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സാജനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
സാജന്റെ തറവാട് ആനച്ചാലിലാണ്. മാതാപിതാക്കള്‍ മരിച്ചതോടെ ഇയാള്‍ ഒറ്റക്കാണു താമസിച്ചിരുന്നത്. ആകെയുള്ള 14 സെന്റ് തറവാട് വക സ്ഥലം സഹോദരി കൈവശപ്പെടുത്താന്‍ ശ്രമിച്ചതായും സാജന് വരുന്ന കല്യാണാലോചനകള്‍ സഹോദരിയും കുടുംബവും ചേര്‍ന്ന് മുടക്കുന്നതുമായുള്ള സാജന്റെ സംശയമാണ് വൈരാഗ്യത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
അതേസമയം, കഴിഞ്ഞ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് സഹോദരിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ സഹോദരന് അറസ്റ്റിലായിരുന്നു. വിതുര മേമല തള്ളച്ചിറ സരിത ഭവനില്‍ ഷിബു ജോയ് ആണ് വിതുരയില്‍ നിന്നും പിടിയിലായത്.
പൂവച്ചല്‍ ജംഗ്ഷനിലെ ലൈഫ് സ്റ്റൈയില്‍ ഡ്രസ് കളക്ഷന്‍ ഉടമയും ഇയാളുടെ സഹോദരിയുമായ ഷീനാ ഫാത്തിമയെ കടയ്ക്കുള്ളില്‍ അതിക്രമിച്ച് കയറി വെട്ടി പരിക്കേല്പിക്കുകയായിരുന്നു. കടയ്ക്ക് അകത്തെ ഗ്ലാസ് ടേബിളും ഗ്ലാസ് സ്റ്റാന്‍ഡുകളും സുരക്ഷാ ക്യാമറയുടെ മോണിറ്ററും ഷിബു വെട്ടി നശിപ്പിച്ചു. ബഹളം കേട്ടു ഓടിയെത്തിയ ഷീനയുടെ മകനെ ഭീഷണിപ്പെടുത്തുകയും ആക്രമണം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും ഇയാള്‍ പരിക്കേല്പിച്ചിരുന്നു.