കോട്ടയം: തൃശൂര്‍ രൂപത പുറത്തിറക്കിയ 2021 വര്‍ഷത്തെ കലണ്ടറില്‍ പീഡന കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍. കോട്ടയം കുറുവിലങ്ങാട് പള്ളിക്കു മുന്നില്‍ വിശ്വസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു.
കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെസിആര്‍എം) നേതൃത്വത്തിലാണ് കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചത്. കന്യാസ്ത്രീ പീഡകന് എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് സംഭവത്തില്‍ കെസിആര്‍എം പ്രതികരിച്ചു.
‘കന്യാസ്ത്രീ പീഡകന് എന്നറിയപ്പെടുന്ന ഫ്രാങ്കോയുടെ ചിത്രം വെച്ചുള്ള കലണ്ടറാണ് അവര്‍ പുറത്തിറക്കിയിരിക്കുന്നത്. അത് കേരള കത്തോലിക്കാ സഭയെ അപമാനിക്കുന്നതാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 2018-ല്‍ ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്തരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം ഫ്രാങ്കോയുടെ ചിത്രം കലണ്ടറില്‍ അവര്‍ ഉള്‍പ്പെടുത്തി. ഇതില്‍ ക്രൈസ്തവ ജനതയ്ക്ക് വേദനയും അമര്‍ഷവും ഉണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഭാ നേതൃത്വം കാണിച്ചാല്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായി ഇതു കണക്കാക്കണം.’
എന്ന് കെസിആര്‍എം വ്യക്തമാക്കി.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍. ബലാത്സംഗ കേസില്‍ അറസ്റ്റിലായ വ്യക്തിയെ സഭ സംരക്ഷിക്കുന്നതാണ് വിശ്വാസികളില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുന്നത്. മാര്‍ച്ച് 25-നാണ് ഫ്രാങ്കോയുടെ ജന്മദിനം. ഫോട്ടോ സഹിതമാണ് കലണ്ടറില്‍ ഫ്രാങ്കോയുടെ ജന്മദിനം അടയാളപ്പെടുത്തിയിരിക്കുന്നത്.