കരുനാഗപ്പള്ളി: അമ്മായിയമ്മയെ ഉലക്കകൊണ്ടു തലയ്ക്കടിച്ചു ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കൊല്ലത്ത് അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 29ന് രാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
കിടപ്പു മുറിയില്‍ വച്ച് എണ്‍പത്തിയാറുകാരിയായ അമ്മായിയമ്മയുടെ ദേഹത്തു മണ്ണെണ്ണയൊഴിച്ച ശേഷം ഉലക്കകൊണ്ടു തലയ്ക്കടിച്ചു പരുക്കേല്പിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് അറസ്റ്റിലായത്.
ഭര്‍ത്താവിന്റെ അമ്മ നളിനാക്ഷി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന മൊഴിയില്‍ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകം തെളിഞ്ഞത്. പോലീസെത്തിയാണ് പൊള്ളലേറ്റ ഇവരെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി നളിനാക്ഷി മരിച്ചു.
ഇന്‍ക്വസ്റ്റ് സമയത്ത് തലയിലെ മുറിവില്‍ സംശയം തോന്നിയ പോലീസ് അതിനെക്കുറിച്ചു രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരിസരവാസികളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. നളിനാക്ഷിയും രാധാമണിയും സ്ഥിരമായി വഴക്കിടാറുണ്ടെന്നും പലപ്പോഴും ദേഹോപദ്രവം എല്പിക്കാറുണ്ടെന്നും നാട്ടുകാരില്‍ നിന്നു പോലീസിനു വിവരം ലഭിച്ചു.
തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം രാധാമണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ സൈ്വരജീവിതത്തിനു നളിനാക്ഷി തടസ്സം നില്ക്കുന്നതായി തോന്നിയതിനാലാണു കൊലപ്പെടുത്തിയതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്റെ നിര്‍ദേശപ്രകാരം എസിപി ഷൈനു തോമസിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ ജി.ഗോപകുമാര്‍, എസ്ഐമാരായ വിനോദ്കുമാര്‍, ധന്യ, ഗ്രേഡ് എസ്ഐമാരായ സിദ്ദിഖ്, കലാധരന്‍, എസ്സിപിഒ സീമ, സിപിഒ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയായ രാധാമണി നേരത്തേ ചാരായം വാറ്റിയ കേസിലും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.