കൊല്ലം: ബൈക്കില്‍ അമിത വേഗത്തില്‍ പായുന്ന ഫ്രീക്കന്മാരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിക്കുക നിങ്ങളെ പൊക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് പിന്നാലെയുണ്ട്. സംസ്ഥാനത്ത് മത്സര ഓട്ടം നടത്തുന്നവരെ പിടിക്കാനായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്കി ആരംഭിച്ച ‘ഓപ്പറേഷന് റാഷ്’ ജില്ലയില്‍ പണിതുടങ്ങി.
ചങ്ങനാശേരിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ജില്ലാ ആര്‍ടി ഓഫിസും സേഫ് കേരള എന്‍ഫോഴ്സ്മെന്റ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.
യുവാക്കള്‍ അപകടകരമായ സ്റ്റണ്ടിങ്, റൈഡിങ് നടത്തുന്നതും ഇവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ഇപ്പോള്‍ പതിവാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോകള്‍ ശേഖരിച്ചാണ് ഇവരെ പിടികൂടുന്നത്. ലക്ഷങ്ങള്‍ വിലയുള്ള ബൈക്കില്‍ 40000 രൂപ വരെ മുടക്കിയാണ് ഇവര്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത്.
നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാതിരിക്കുക, സൈലന്‍സര്‍ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളും ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ഓപ്പറേഷന് റാഷ് തുടങ്ങി ഒന്നാം ദിവസം 70 കേസുകളും ഇന്നലെ 110 കേസുകളുമെടുത്തു.
അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ പിഴ അടച്ച് മാത്രം ഇപ്പോള്‍ രക്ഷപ്പെടാനാകില്ല. കേസുകള്‍ ഇ-കോടതിയിലേക്ക് മാറ്റുകയാണ്. ഒന്നിലേറെ തവണ ഗതാഗത നിയമ ലംഘനത്തിന് ഇ-കോടതി കയറേണ്ടി വന്നാല്‍ ശിക്ഷ വര്‍ധിക്കും. ലൈസന്‍സ് റദ്ദാക്കുന്ന നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.