കൊട്ടാരക്കര: നൂറ് സീറ്റോടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന് പ്രവചനം സത്യമായി. മകന്റെ വിജയവും അറിഞ്ഞു മനം നിറഞ്ഞാണ് ആര് ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തോട് വിട പറഞ്ഞത്.
കൊട്ടാരക്കര കീഴൂട്ട് വീട്ടിലെത്തിയ പോളിങ് ഓഫിസര്‍ നല്കിയ തപാല്‍ ബാലറ്റില്‍ വോട്ട് ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തപാല്‍വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പര്‍ പല തവണ പരിശോധിച്ചു. വോട്ട് ഉറപ്പാക്കാന്‍.
പത്തനാപുരത്ത് കെബി ഗണേഷ്കുമാര് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. വോട്ടെണ്ണല്‍ ദിനത്തില്‍ ആശുപത്രി കിടക്കയിലെത്തിയ ഉറ്റവര്‍ വിജയവിവരം ബാലകൃഷ്ണപിള്ളയെ അറിയിച്ചു. ആശുപത്രി കിടക്കയിലും ബാലകൃഷ്ണപിളളയ്ക്ക് രാഷ്ട്രീയം തന്നെയായിരുന്നു ജീവവായു.
കാണാനെത്തുന്നവരോട് കുശലം അന്വേഷിക്കുന്നതും രാഷ്ട്രീയ വിഷയങ്ങള്‍ തന്നെ. പഴയ രാഷ്ട്രീയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തും. വര്‍ഷവും തീയതിയും സമയവും തെറ്റാറില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് അദ്ദേഹം കിടക്കയിലായി. എന്നാലും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശവും ഉത്തരവാദിത്തങ്ങളും അദ്ദേഹം നേരിട്ട് നല്കി.
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതല വഹിച്ചു. മാത്രമല്ല പത്തനാപുരത്ത് കെബി ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫിസ് ഉദ്ഘാടനം ചെയ്യാന്‍ അവസാനനാളുകളില്‍ ആര് ബാലകൃഷ്ണപിള്ള എത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ള(86) മേയ് മൂന്നിന് പുലര്‍ച്ചെയാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.