കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരത്തിന്റെ ചുവരുകളില്‍ പതിഞ്ഞ വ്യത്യസ്തമായൊരു പോസ്റ്റര്‍ ആണ് ഇപ്പോള്‍ നാട്ടുകാരുടെ ചര്‍ച്ചാവിഷയം. പോസ്റ്റര്‍ വേറൊന്നും അല്ല, കാണാതായ പൂച്ചയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1000 രൂപ റിവാര്‍ഡ് നല്‍കുന്നതാണ് പോസ്റ്ററില്‍.
ആര്‍ക്കിടെക്ട് ആയ മേലാങ്കോട്ടെ രാഹുല്‍ രാഘവനാണ് ഈ പോസ്റ്ററുകള്‍ പ്രധാന സ്ഥലങ്ങളില്‍ പതിച്ചത്. രാഹുലിന്റെ അരുമയായ പൂച്ചയെ കഴിഞ്ഞ ഒരാഴ്ചയായി കാണാതായിട്ട്. അന്വേഷിച്ചെങ്കിലും അടുത്തെങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പോസ്റ്റര്‍ എന്ന ആശയത്തിലേക്ക് ചെന്നെത്തിയത്.
എറണാകുളത്ത് ഫ്ലാറ്റില്‍ താമസിക്കുമ്പോള്‍ അവശ നിലയില്‍ കിട്ടിയതാണ് ഈ പൂച്ച കുട്ടിയെ. പിന്നീട് മൃഗാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി വളര്‍ത്താന്‍ തുടങ്ങി. ഏറെ കാലം എറണാകുളത്തെ ഫ്ലാറ്റില്‍ ആയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഫ്ലാറ്റ് മാറിയപ്പോള്‍ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു.