ചീമേനി: അര്‍ബുദത്തെ അതിജീവിച്ച് നേരെ എത്തിയത് നാടക വേദിയിലേക്ക്. കാത്തിരുന്ന കഥാപാത്രത്തിന് ജീവന് പകര്‍ന്ന് നാടക വേദിയില്‍ വീണ്ടും സജീവമായി ലക്ഷ്മി. നാടക പ്രേമികളുടെ പ്രിയപ്പെട്ട നടി എവി ലക്ഷ്മിയാണ് രോഗത്തിനു മുന്നില്‍ തളരാതെ കഥാപാത്രങ്ങള്‍ക്ക് കരുത്ത് പകരാന്‍ വേദിയിലേക്ക് തിരിച്ചെത്തിയത്.
പ്രകാശന് കരിവെള്ളൂര്‍ രചിച്ച് പത്മന് വെങ്ങര സംവിധാനം ചെയ്ത നാട്ടുകാവല്‍ എന്ന നാടകത്തിന്റെ റിഹേഴ്സലിനിടയിലായിരുന്നു അര്‍ബുദ രോഗം ബാധിച്ച കാര്യം ലക്ഷ്മി അറിയുന്നത്. തന്റെ കഥാപാത്രം മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കണമെന്ന നിര്‍ദേശം നാടക പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ച് ലക്ഷ്മി ചികിത്സയിലേക്ക് നീങ്ങി.
എന്നാല്‍ ചികിത്സ കഴിയുന്നത് വരെ നാടകം വേദിയിലേക്ക് എത്തിക്കാതെ നാടക പ്രവര്‍ത്തകര്‍ കാത്ത് നിന്നു. അത് ലക്ഷ്യം കണ്ടു. അര്‍ബുദത്തെ പൊരുതി തോല്‍പ്പിച്ച് ലക്ഷ്മി നേരെ എത്തിയത് നാട്ടുകാവലിലെ അമ്മയുടെ കഥാപാത്രത്തിന് ജീവന് പകരാനായിരുന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമച്വര്‍ നാടക വേദിയിലെത്തിയതാണ് ലക്ഷ്മിയുടെ തുടക്കം. പിന്നീട് 1983 ല്‍ തിരുവനന്തപുരത്ത് നടന്ന അഖില കേരള നാടക മത്സരത്തില്‍ സുരാസുവിന്റെ വിശ്വരൂപം എന്ന നാടകത്തിലെ ശാലിനി എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ലക്ഷ്മി സ്വന്തമാക്കി. ഇതോടെ ഇത് മലയാള നാടക വേദിയില്‍ ലക്ഷ്മിയെന്ന നടിയെ അടയാളപ്പെടുത്തുകയായിരുന്നു.
500 ല്‍ അധികം അമച്വര്‍ നാടകങ്ങളില്‍ വേഷമിട്ട നടിയെന്ന ബഹുമതി നാടക ലോകത്ത് ഇന്നും ലക്ഷ്മിക്ക് മാത്രം സ്വന്തം. പ്രൊഫഷനല്‍ നാടക രംഗത്തും തന്റേതായ സാന്നിധ്യമറിയിച്ച ഈ നടിയെ തേടി സര്ക്കിരന്റേതടക്കം ഒട്ടേറെ അവാര്‍ഡുകളും പുരസ്കാരങ്ങളും എത്തിയിരുന്നു.