ഇരിട്ടി: മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും റേഞ്ച് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാതെ വിഷമിച്ച നൂറിലധികം കുട്ടികള്‍ക്കായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ടവര്‍ ഒരുങ്ങി. ജിയോ കമ്പനിയുടെ മൊബൈല്‍ ടവര്‍ ഇന്ന് വൈകിട്ട് 3ന് അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന് പൈമ്പള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഇനിമുതല്‍ പ്രദേശവാസികള്‍ക്ക് മൊബൈല്‍ ഫോണ്‍ തങ്ങളുടെ നാട്ടിലും ഉപയോഗിക്കാം.
ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം ശ്രമം നടത്തിയതിന്റെ ഫലമായാണ് ജിയോ ടവര്‍ യാഥാര്‍ഥ്യമായത്. പ്രദേശത്ത് ഒരു കമ്പനികളുടെയും മൊബൈല്‍ ടവര്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാവാതെ നൂറിലധികം കുട്ടികളാണ് വിഷമിച്ചിരുന്നത്.
മുന്‍ വികാരി ഫാ. ടോമി നടുവിലേക്കൂറ്റും ഇപ്പോഴത്തെ വികാരി ഫാ. മാത്യു വലിയപറമ്പിലും ജനകീയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളി ലഭ്യമാക്കിയ 5 സെന്റ് സ്ഥലത്താണ് മൊബൈല്‍ ടവര്‍ പണിതത്. പള്ളി ലഭ്യമാക്കിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് ടവര്‍ പണി ആരംഭിക്കാന്‍ അഭ്യുദയകാംക്ഷികളും നാട്ടുകാരും സഹായിച്ചു.
മുക്കാല്‍ കോടി രൂപ ചെലവിട്ടുള്ള 40 മീറ്റര്‍ ടവറാണു ജിയോ സ്ഥാപിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ കമ്പനി കേരള ഹെഡ് കെസി നരേന്ദ്രന്, ഏരിയ ബിസിനസ് ഹെഡ് രജനീഷ് രമണന്, ജിയോ സെന്റര്‍ മാനേജര്‍ എം ശ്രീകാന്ത് എന്നിവരാണ് ടവര്‍ യാഥാര്‍ഥ്യമാക്കുന്നതിന് ജനകീയ കമ്മിറ്റിക്ക് അനൂകൂല നിലപാട് സ്വീകരിച്ചത്.