നെടുങ്കണ്ടം: എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും തലവേദന സൃഷ്ടിക്കുന്ന വന്‍ പ്രശ്നമാണ് മാലിന്യ സംസ്കരണം. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാലിന്യത്തെ വരുമാനമാക്കുന്ന ഒരു പഞ്ചായത്താണ് നെടുങ്കണ്ടം. മാലിന്യശേഖരണ-സംസ്കരണ രംഗത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുകയാണ് നെടുങ്കണ്ടം പഞ്ചായത്ത്.
പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്കരണ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന ജൈവവളത്തിനും കമ്പോസ്റ്റിനും ആവശ്യക്കാര്‍ ഏറെയാണ്. നെടുങ്കണ്ടം പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ബേഡ്മെട്ടില് ആരംഭിച്ച പ്ലാന്റ് ഇപ്പോള്‍ പഞ്ചായത്തിന്റെ വരുമാന മാര്‍ഗം കൂടിയാണ്.
പ്ലാന്റ് ഒരേ സമയം പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരവും ജൈവവള ഉത്പാദനത്തിലൂടെ പഞ്ചായത്തിന് നേട്ടവുമാണ്. 2006-ലാണ് ബേഡ്മെട്ടില് മാലിന്യസംസ്കരണകേന്ദ്രം ആരംഭിച്ചത്. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങള്‍ കേന്ദ്രത്തില്‍ എത്തിച്ച് തരംതിരിച്ച് സംസ്കരണവും വളം ഉത്പാദനവും വില്‍പ്പനയും ഇവിടെ നടത്തിവരുന്നു.
പഞ്ചായത്തിലെ മുഴുവന്‍ മാലിന്യവും ഹരിതകര്‍മസേനയുടെ സഹായത്തോടെയാണ് കേന്ദ്രത്തില്‍ എത്തിക്കുന്നത്. ജൈവമാലിന്യങ്ങള്‍ രണ്ടായിതിരിച്ച് മണ്ണിര കമ്പോസ്റ്റിനും ജൈവവളത്തിനുമായി ഉപയോഗിക്കുന്നു. അസിഡിറ്റി ഇല്ലാത്ത പച്ചക്കറികളോടൊപ്പം ചാണകവും ചേര്‍ത്താണ് മണ്ണിര കമ്പോസ്റ്റ് നിര്‍മിക്കുന്നത്. മറ്റ് പച്ചക്കറി മാലിന്യങ്ങള്‍ അറക്കപ്പൊടി, ചാണകം, ശര്‍ക്കര എന്നിവ ചേര്‍ത്ത് നീറ്റിച്ച് വളമാക്കും.
ഒരു കിലോയ്ക്ക് പത്ത് രൂപ നിരക്കിലാണ് വില്‍പ്പന. ഒരു വര്‍ഷം 3000 കിലോ വളമാണ് വില്‍പ്പന നടത്തുന്നത്. ഒരാഴ്ചയില്‍ 500 കിലോയോളം പച്ചക്കറി മാലിന്യങ്ങളാണ് ഇവിടെ എത്തിക്കുന്നത്. പ്ലാന്റില്‍ ഏഴ് തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍നിന്നും നിരവധി ആളുകളാണ് ജൈവവളം വാങ്ങുന്നതിനായി പ്ലാന്റില്‍ എത്തുന്നത്.
പ്ലാസ്റ്റിക് മാലിന്യം എട്ടായി തരംതിരിച്ച് സംസ്കരിക്കുകയും ടാറിങ്ങിനുള്ള അസംസ്കൃത വസ്തുവായി മാറ്റുകയും ചെയ്യുന്നുണ്ട്. ഇതിനായി പ്ലസ്റ്റിക് ഷ്രെഡിങ് യൂണിറ്റും പ്ലാന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 ടണ്‍ അസംസ്കൃത വസ്തുക്കളാണ് ടാറിങ്ങിനായി ഇവിടെനിന്നും ഇതുവരെ വില്‍പ്പന നടത്തിയത്. ക്ലീന്‍കേരള വഴിയാണ് ഇവയുടെ വില്‍പ്പന. ഇതുവഴി പഞ്ചായത്തിന് മികച്ചവരുമാനമാണ് ലഭിക്കുന്നത്.