നെടുങ്കണ്ടം: സാന്ത്വനസ്പര്‍ശം പരാതി പരിഹാര അദാലത്ത് മുഖേന ഷിഹാസിന് ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു. ജന്മനാ ഓട്ടിസം ബാധിച്ച ഷിഹാസിന്റെ ചികിത്സക്കായി സാന്ത്വനസ്പര്‍ശം പരിപാടിയിലൂടെ 25000 രൂപ അടിയന്തരമായി അനുവദിച്ചു.
നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശികളായ ഷാജിയുടെയും ഷമിനയുടെയും മൂത്തമകനാണ് ഷിഹാസ്. ഷാജി കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെ മകന്റെ ചികിത്സക്കുള്ള തുക കണ്ടെത്തുന്നതിനായി കുടുംബം വളരെ ബുദ്ധിമുട്ടുകയായിരുന്നു. കൊറോണക്കാലത്ത് വരുമാനം നിലച്ചതോടെ ഷിഹാസിന്റെ ചികിത്സയും മുടങ്ങി.
സാന്ത്വനസ്പര്‍ശം അദാലത്തിലൂടെ ഇപ്പോള്‍ ലഭിച്ച ധനസഹായം തങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്ന് ഷിഹാസിന്റെ മാതാപിതാക്കള്‍ പറഞ്ഞു. മകന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അവര്‍. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ചികത്സയിലാണ് ഷിഹാസ്. ആറാം ക്ലാസുകാരനായ ഷെഹനാസാണ് ഷിഹാസിനെ പഠനകാര്യങ്ങളില്‍ സഹായിക്കുന്നത്.
ജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും നേരിട്ട് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന് ഇടുക്കി ജില്ലയില്‍ തുടക്കമായി. നെടുങ്കണ്ടം മിനിസിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
വൈദ്യുതി മന്ത്രി എംഎം മണി അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളിലെ അദാലത്തില്‍ പരാതി പരിഹാരത്തിനായി നൂറുകണക്കിനാളുകളാണെത്തിയത്. പരാതികള്‍ മന്ത്രിമാരായ സി രവീന്ദ്രനാഥും, എംഎം മണിയും നേരിട്ട് സ്വീകരിച്ചു. ചികിത്സാ സഹായം ഉള്‍പ്പെടെ തീര്‍പ്പ് കല്പിക്കാവുന്ന പരമാവധി പ്രശ്നങ്ങള്‍ക്കും മന്ത്രിമാര്‍ തീര്പ്പുകല്പിച്ചു.