മൂവാറ്റുപുഴ: പ്രാരാബ്ധങ്ങള്‍ക്ക് നടുവിലാണെങ്കിലും അന്യന്റെ മുതല്‍ ആഗ്രഹിക്കാതെ കളഞ്ഞു കിട്ടിയ ഒന്നേകാല്‍ ലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്കി കൂലിപ്പണിക്കാരനായ തമിഴ്നാട് സ്വദേശി പാണ്ടിരാജ്.
വാഴക്കുളം ടൗണില്‍ കല്ലൂര്‍ക്കാട് ജംക്ഷനില്‍ നിന്നാണു റോഡില്‍ വീണുകിടക്കുന്ന നിലയില്‍ അരയില്‍ കെട്ടുന്ന ബെല്‍റ്റും അതിലെ അറയില്‍ ഒന്നേകാല്‍ ലക്ഷം രൂപയും പാണ്ടിരാജിനു ലഭിച്ചത്. ബെല്‍റ്റില്‍ പണം കണ്ട് ബെല്‍റ്റും പണവും തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചു. ബെല്‍റ്റ് അവരുടേതാണെന്നു പറഞ്ഞായിരുന്നു തര്‍ക്കം.
എന്നാല്‍ പണവും ബെല്‍റ്റും പാണ്ടിരാജ് വാഴക്കുളത്തെ ഒരു വ്യാപാരിയെ ഏല്പിച്ചു. യഥാര്‍ഥ ഉടമയെ കണ്ടെത്തി ബെല്‍റ്റും പണവും തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു പാണ്ടിരാജിന്റെ ആവശ്യം.
വ്യാപാരി വാഴക്കുളത്തെ മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളുമായി ബന്ധപ്പെട്ട് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തുകയായിരുന്നു. ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം ബെല്‍റ്റ് അഴിഞ്ഞു നഷ്ടപ്പെടുകയായിരുന്നു.
പണം പോലീസും മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളും ചേര്‍ന്നു യഥാര്‍ഥ ഉടമയെ തിരിച്ചേല്‍പ്പിച്ചു. പാണ്ടിരാജ് ഈ സമയത്തു കൂലിപ്പണിക്കു പോയിരിക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ ഇല്ലാത്തതു മൂലം ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീടു വ്യാപാരികള്‍ ഇദ്ദേഹത്തെ അന്വേഷിച്ചു കണ്ടെത്തി ആദരിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് വര്‍ഗീസ് താണിക്കല്‍, സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബേബി തോമസ് നമ്പ്യാപറമ്പില്‍, ജോയിന്റ് സെക്രട്ടറി ബിജു അമംതുരുത്തില്‍, ജോസ് ജോസഫ് ചെറുതാനിക്കല്‍, തോമസ് ആനികോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.