കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായി മലയാളി വനിതകള്‍. വിമാനവാഹിനിയുടെ വിജയം കണ്ട ആദ്യ സമുദ്രപരീക്ഷണത്തില്‍ 6 വനിതകളാണ് മലയാളികളുടെ അഭിമാനതാരങ്ങളായത്.
പരീക്ഷണത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്ത ഇവരില്‍ രണ്ടു പേര് നാവികസേനയില്‍ നിന്നും മറ്റുള്ളവര്‍ കൊച്ചി ഷിപ്യാഡില്‍ നിന്നുമുള്ളവരാണ്. എല്ലാവരും മലയാളികളാണ് എന്നതാണ് പ്രത്യേകത.
നേവല്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലെ ലഫ്റ്റന്റ് കമാന്‍ഡര്‍മാരും കണ്ണൂര്‍ സ്വദേശിനികളുമായ ജാനറ്റ് മറിയ ഫിലിപ്പ്, ദര്‍ശിത ബാബു എന്നിവര്‍ കപ്പലിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ നിര്‍മാണ മേല്‍നോട്ടം കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണു ജോലി ചെയ്യുന്നത്.
പ്രോജക്ട് ഓഫിസര്‍മാരായി ബി സ്മൃതി, ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് മാനേജര്‍ രേവതി എസ്.സനന്, പ്രോജക്ട് അസിസ്റ്റന്റുമാരായ രോഹിണി ചന്ദ്രാനന്ദ്, സിഎസ് അഞ്ജു എന്നിവരാണു കപ്പല്‍ നിര്‍മാണത്തിന്റെ ഭാഗമായ മറ്റു വനിതകള്‍.