കൊച്ചി: കൊച്ചി മെട്രോയില്‍ നാളെ മുതല്‍ സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി. എല്ലാ സ്റ്റേഷനുകളില്‍ നിന്നും സൈക്കിളുകള്‍ ഇനി മുതല്‍ മെട്രോയില്‍ കയറ്റാം. പരീക്ഷണാടിസ്ഥാനത്തില്‍ 6 സ്റ്റേഷനുകളില്‍ നടപ്പാക്കിയ പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് എല്ലാ സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതെന്നു കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
ഈ മാസം 29 മുതലാണ് മെട്രോയിലെ സൈക്കിള്‍ സവാരിക്ക് തുടക്കമാകുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് കെഎംആര്‍എല്‍ ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ആദ്യം ആറു സ്റ്റേഷനുകളില്‍ നിന്നു മാത്രമാണ് സൈക്കിളുമായി യാത്ര അനുവദിച്ചിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച 67 പേര് സൈക്കിളുമായി മെട്രോയില്‍ യാത്ര ചെയ്തു. ഒരു ട്രെയിനില്‍ 4 പേര്‍ക്കാണു സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി. സൈക്കിളുകള്‍ വൃത്തിയുള്ളതായിരിക്കണം. സ്റ്റേഷനുള്ളില്‍ സൈക്കിള്‍ ഓടിക്കാന്‍ പാടില്ല. മടക്കി ബാഗില്‍ കൊണ്ടു പോകാന്‍ കഴിയുന്ന സൈക്കിളുകള്‍ ലഗേജായി പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കൊവിഡ് അടച്ചിടലിനു ശേഷം മെട്രോ പുനരാരംഭിച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഇപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ പറഞ്ഞു. ശരാശരി 15,000 പേരാണ് ഇപ്പോള്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്.
സൈക്കിള്‍ യാത്രയ്ക്ക് മെട്രോയുടെ നിബന്ധനകള്‍
1. നിലവില്‍ ഒരു ട്രെയിനില്‍ നാലു സൈക്കിളുകളാണ് അനുവദിക്കുന്നത്.
2. ചെളി പുരണ്ട സൈക്കിളുമായി ട്രെയിനില്‍ യാത്ര അനുവദിക്കില്ല. വിനോദത്തിനുപയോഗിക്കുന്ന ടാന്‍ഡം സൈക്കിളുകള്‍, ത്രീവീല്‍ സ്കൂട്ടര്‍ സൈക്കിള്‍ പോലുള്ളവയും അനുവദിക്കില്ല.
3. ചിലര്‍ സൈക്കിളിന്റെ ഭാഗങ്ങളും പുതിയതായി വാങ്ങിയ സൈക്കിളുകള്‍ പൊതിഞ്ഞുമെല്ലാം കൊണ്ടുവരാറുണ്ട്. ഇത് ലഗേജായാണ് കണക്കാക്കുക.
4. മെട്രോ സ്റ്റേഷന് അകത്തും ഇടനാഴിയിലും പ്ലാറ്റ് ഫോമിലുമൊന്നും സൈക്കിളോടിക്കാന്‍ അനുവദിക്കില്ല.