ആലുവ: എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്ന് 105 കിലോ കഞ്ചാവും ആവോലിയിലെ വാടകവീട്ടില്‍നിന്ന് 35 കിലോ കഞ്ചാവുമാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സല്‍ (34), പെരുമ്പടച്ചിറ ചെളിക്കണ്ടത്തില്‍ നിസാര്‍ (37), വെള്ളത്തൂവല്‍ അരീക്കല്‍ ചന്തു (22) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കാറില്‍ കഞ്ചാവ് കടത്തിയ മൂന്നംഗ സംഘത്തെ പിന്തുടര്‍ന്ന പോലീസ്, ഇവരെ അങ്കമാലിയില്‍വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. രണ്ടു കാറുകളിലായി 50 വലിയ പൊതികളില്‍ ഇവരില്‍ നിന്നും പിടികൂടി. ഇത് 105 കിലോ ഉണ്ടായിരുന്നു. ഇവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് കല്ലൂര്‍ക്കാട് ആവോലിയിലെ വാടക വീട്ടില്‍നിന്നു 17 വലിയ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.
മൊത്ത വിതരണക്കാരായ ഇവര്‍ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പോലീസിന്റെ കഞ്ചാവ് വേട്ട. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പേര് ഇതിന്റെ പിന്നിലുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.