ചേര്‍ത്തല: കടം വാങ്ങിയതിന്റെ പേരില്‍ ഉടലെടുത്ത തര്‍ക്കത്തിനിടയില്‍ മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ കാരിടവെളി പരേതനായ ശിവദാസന്റെ ഭാര്യ രുക്മിണിയാണ് (64) മരിച്ചത്. കേസില്‍ നരഹത്യ കുറ്റം ചുമത്തി മകന് ബിനുവിനെ (40) റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 20ന് വൈകിട്ടാണ് സംഭവം. വീട് നിര്‍മാണത്തിന് ബിനു പ്രദേശവാസികളോടു പണം കടം വാങ്ങിയിരുന്നു. ഇതു തിരികെ ചോദിക്കാന്‍ വീട്ടിലെത്തിയവരുമായി തര്‍ക്കവും അടിപിടിയുമായപ്പോള്‍ പിടിച്ചുമാറ്റാന്‍ ചെന്ന രുക്മിണിയെ അസഭ്യം വിളിച്ചുകൊണ്ടു ബിനു ചവിട്ടുകയായിരുന്നു.
സമീപത്തെ മതിലില്‍ തലയടിച്ചു വീണ രുക്മിണിയെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തട്ടിവീണു എന്നു പറഞ്ഞായിരുന്നു രുക്മിണിയെ ബിനു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു.
രുക്മിണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബിനുവിന്റെ ഭാര്യയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബിനു വീട്ടിലേക്കു പോന്നു. രോഗിക്കു കൂട്ടിരിപ്പുകാര്‍ ആരുമില്ലെന്ന് ആശുപത്രിയില്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്.
തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നും ബിനു മുന്‍പും രുക്മിണിയെ ദേഹോപദ്രവം ഏല്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.