ആലപ്പുഴ: എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഓഫിസില്‍ നിന്നു രക്ഷപ്പെട്ട ലഹരിമരുന്ന് കേസ് പ്രതികളെ കട്ടപ്പനയില്‍ നിന്ന് പിടികൂടി എക്സൈസ്. പ്രതികളായ സഹോദരന്മാരെയാണ് എക്സൈസ് പിടികൂടിയത്.
മണ്ണഞ്ചേരി കണ്ടത്തില്വെളി വീട്ടില്‍ നസ്ലം നൗഷാദ് (22), നജീം നൗഷാദ് (30) എന്നിവരാണ് എക്സൈസ് കോംപ്ലക്സിലെ സ്പെഷല്‍ സ്ക്വാഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 2 സിവില്‍ എക്സൈസ് ഓഫിസര്‍മാരെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടത്.
എന്നാല്‍ ഇവരെ കാറില്‍ കട്ടപ്പനയില്‍ എത്തിച്ച കൊല്ലം വടക്കേ വിള ഹാരിസ് മന്‍സിലില്‍ ഹാരിസ് നവാസിനെ എക്സൈസ് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിനു കൈമാറി. ഇവര്‍ സഞ്ചരിച്ച കാറും പിടികൂടി. വീട്ടിലെത്തിയ എക്സൈസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
കട്ടപ്പനയില്‍ പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് വ്യാജ തോക്കും നോട്ടുകളും കണ്ടെടുത്തു. സംഘവുമായി ബന്ധമുള്ള ചിലരുടെ സഹായത്തോടെയാണ് കട്ടപ്പനയിലെ വാടകവീട് കണ്ടെത്തിയത്.
ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ എത്തിയ പ്രതികള്‍ വസ്ത്രം മാറി മറ്റൊരു വാഹനത്തില്‍ കടന്നതായി സൂചനയുണ്ടായിരുന്നു. കട്ടപ്പനയില്‍ നിന്ന് ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എക്സൈസ് ഓഫിസില്‍ വാങ്ങി വച്ചിരുന്നതിനാല്‍ ടവര്‍ നിരീക്ഷണം നടത്താനും സാധിച്ചില്ല.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് റോഡില്‍ നിന്നാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് 4.14ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്. ശനി പുലര്‍ച്ചെ 5.50ന് ഓഫിസില്‍ നിന്നു കടന്നവരെ 24 മണിക്കൂറിനകം പിടികൂടാന്‍ സാധിച്ചത് എക്സൈസ് സംഘത്തിനു നേട്ടമായി. സ്പെഷല്‍ സ്ക്വാഡ് സിഐ ആര്.ബിജുകുമാര്‍, ഇന്‍സ്പെക്ടര്‍ കെ.അജയന് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.