തൊടുപുഴ: തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 5 അംഗ കുടുംബത്തിന്റെ സ്വര്‍ണ്ണം നഷ്ടമായതായി ബന്ധുക്കള്‍. 15 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് നഷ്ടമായിരിക്കുന്നത്.
അടുത്തിടെ പണയത്തിലിരുന്ന സ്വര്‍ണം മരിച്ച കുടുംബം തിരിച്ചെടുത്തിരുന്നു. ഇതു ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നതായി സംശയമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ബാങ്കിലെത്തി പരിശോധിച്ചതില്‍ ലോക്കറില്‍ സ്വര്‍ണമില്ലെന്ന് കണ്ടെത്തി.
ഉരുള്‍പൊട്ടിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന 3 അലമാരകള്‍ ഒഴുക്കില്‍ പെട്ടു പോയിരുന്നു. ഇതില്‍ ഒരെണ്ണം തകര്‍ന്ന നിലയിലായിരുന്നു. ഈ അലമാരയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അലമാരയിലുണ്ടായിരുന്ന മറ്റു രേഖകള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നു.
മരിച്ചവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൂടാതെ പൊട്ടിപ്പോയ 2 ചെറിയ മാലകളാണ് ഉരുള്‍പൊട്ടിയ ദിവസം ലഭിച്ചത്. ഈ 2 പവനോളം പൊട്ടിയ സ്വര്‍ണം ഗ്രാമപ്പഞ്ചായത്ത് അംഗം പുഷ്പ വിജയന്റെ കൈവശം ഉണ്ട്. ഇത് ബന്ധുക്കളുടെ ആവശ്യപ്രകാരം പഞ്ചായത്ത് അംഗം തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.