കൊച്ചി: നിര്‍ത്താതെ പെയ്യുന്ന അതിശക്തമായ മഴയില്‍ മുങ്ങി കൊച്ചി. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. റോഡുകളില്‍ വാഹനങ്ങളടക്കം കുടുങ്ങിക്കിടക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.
അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും മണിക്കൂറുകളായി തുടരുകയാണ്. എം ജി റോഡ്, കലൂര്‍, പനമ്പള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്.
അതേസമയം ശക്തമായ മഴയുണ്ടെങ്കിലും കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയഘോഷയാത്രയും ആശങ്കയിലാണ്.
കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാന്‍ കാരണം. അടുത്ത രണ്ട് ദിവസവും 13 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.