തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. ഇക്കാര്യം ധനമന്ത്രി കെഎൻ ബാലഗോപാലാണ് അറിയിച്ചത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയാണ് നൽകുന്നത്. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
also read- റിലയൻസ് റീട്ടെയിൽ ചുമതല ഇനി ഇഷ അംബാനിക്ക്; മകളെ തലപ്പത്ത് എത്തിച്ച് മുകേഷ് അംബാനി
കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി നൽകും. പാർട്ട് ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് 6000 രൂപയാണ് അഡ്വാൻസായി നൽകുക. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും.