മുംബൈ: റിലയൻസ് റീട്ടെയിലിന്റെ ചുമതല മകൾ ഇഷ അംബാനിയെ ഏൽപ്പിച്ച് വ്യവസായി മുകേഷ് അംബാനി. തിങ്കളാഴ്ച നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇഷയെ റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ തലപ്പത്ത് എത്തിച്ചത്.
ജൂണിൽ ടെലികോം യൂനിറ്റായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി മകൻ ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും പുറത്തെത്തിയിരിക്കുന്നത്. ചുമതല ഏറ്റെടുത്തശേഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് എജിഎമ്മിൽ (വാർഷിക പൊതുയോഗം) ഇഷ അംബാനി വാട്സ്ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ നൽകുന്നതിനെ കുറിച്ചും പണമിടപാടുകൾ നടത്തുന്നതിനെ കുറിച്ചുമുള്ള പുതിയ പദ്ധതികളുടെ അവതരണം നടത്തിയിട്ടുണ്ട്.
മിതമായ നിരക്കിൽ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും റിലയൻസ് റീട്ടെയിൽ ഇന്ത്യൻ കരകൗശല വിദഗ്ധർ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ വിപണനം ചെയ്യാൻ തുടങ്ങുമെന്നും ഇഷ പറഞ്ഞു.