അഴീക്കോട്: കൈക്കൂലി വാങ്ങിയ 1000 രൂപ വിഴുങ്ങി കെഎസ്ഇബി സബ് എന്‍ജിനീയര്‍. സ്ഥലംമാറ്റ ദിവസം കെഎസ്ഇബി അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനീയര്‍ എറണാകുളം സ്വദേശി ജോ ജോസഫിനെയാണ്(38) കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പൂതപ്പാറയില്‍ പിടികൂടിയത്.
കൈക്കൂലി വാങ്ങിയത് കണ്ടെത്തി പിടികൂടുന്നതിനിടെ ഇയാള്‍ നോട്ട് വിഴുങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. വിജിലന്‍സ് സംഘത്തെ കണ്ട ഉടന്‍ ജോ ജോസഫ് ഓടി മതില് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
വിഴുങ്ങിയ നോട്ടുകള്‍ കണ്ടെത്തുന്നതിനായി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി. എന്നാല്‍, തന്നെ ബോധപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നുവെന്നും അക്കാര്യം തെളിയിക്കുമെന്നും പിടിയിലായ ജോ ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
also read: ചക്രവാതച്ചുഴി, കേരളത്തില്‍ വരുംദിവസങ്ങളിലും അതിശക്തമായ മഴ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
പൂതപ്പാറ സ്വദേശിയായ അബ്ദുല്‍ ഷുക്കൂറിന്റെ വീടിന്റെ മുന്‍ വശത്തുള്ള കാര്‍ ഷെഡിനു മുകളില്‍ കൂടി അപകടകരമായി പോകുന്ന വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ഇബി പൂതപ്പാറ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കെഎസ്ഇബി അസി.എന്‍ജിനീയറുടെ നിര്‍ദേശ പ്രകാരം സബ് എന്‍ജിനീയര്‍ ജോ ജോസഫ് എസ്റ്റിമേറ്റ് തയാറാക്കാന്‍ സ്ഥലം സന്ദര്‍ശിക്കുകയും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് 5550 രൂപ ഫീസ് അടയ്ക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.
ഫീസ് തുക അടച്ച ശേഷം ജോ ജോസഫ് അബ്ദുല്‍ ഷുക്കൂറിനെ ബന്ധപ്പെട്ട് തനിക്ക് എറണാകുളത്തേക്കു സ്ഥലം മാറ്റം ആണെന്നും ഇന്നു തന്നെ പോസ്റ്റ് മാറ്റി തരണമെങ്കില്‍ 1000 രൂപ കൈക്കൂലി നല്കിയാല് മതിയെന്നും ആവശ്യപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി വിജിലന്‍സ് പറഞ്ഞു.