കല്പറ്റ: നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സബിത ശിവദാസ് പ്രണയം പൂവണിഞ്ഞു. പ്രതിശ്രുത വരനു നല്കിയ വാക്ക് പാലിച്ചും 8 വര്‍ഷത്തെ പരിചരണത്തിലൂടെ പ്രതിസന്ധിയിലും കൂടെയുണ്ടെന്നു തെളിയിപാലിച്ചുമാണ് സബിത താലിയണിഞ്ഞത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ ശിവദാസിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അരയ്ക്കു താഴെ തളര്‍ന്ന നിലയിലായിരുന്നു ശിവദാസന്‍. എന്നാല്‍ സബിത ശിവദാസിനെ വിട്ടുപോയില്ല. 8 വര്‍ഷത്തോളം പരിചരിച്ച് ശിവദാസിനൊപ്പം തന്നെ നിന്നു സബിത.
also read: ചക്രവാതച്ചുഴി, കേരളത്തില്‍ വരുംദിവസങ്ങളിലും അതിശക്തമായ മഴ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷമാണ് ഇന്നലെ ഇവരുടെ വിവാഹം നടന്നത്. തരിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ നല്കിയ ആത്മ വിശ്വാസമാണ് ഇവരുടെ വിവാഹം യാഥാര്‍ഥ്യമാക്കിയത്. ജനപ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, എസ്കെഎസ്എസ്എഫ് വിഖായ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഒട്ടേറെ പ്രമുഖര്‍ മംഗള മുഹൂര്ത്തത്തിനു സാക്ഷികളായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന മുഖ്യാതിഥിയായി.
സി.കെ. ഉസ്മാന് ഹാജി, ഡോ. മുഹമ്മദ് ഷരീഫ്, വേലായുധന് ചുണ്ടേല്‍, തരിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദന്, പി. അനില്‍കുമാര്‍, ശാന്തി അനില്‍, വി. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോര്‍ജ്, കെ.ടി. ഷിബു, പി.കെ. മുസ്തഫ, ജോസ് കാപ്പിക്കളം, ബി. സലിം, പി. രത്നാവതി, കെ. സരിത, സനല്‍രാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത് എന്നിവര്‍ നേതൃത്വം നല്കി.