മൂവാറ്റുപുഴ: മൂവാറ്റുപുഴയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് ശ്വാസം നിലച്ച് മരണം മുന്നില്‍ക്കണ്ട വയോധികയെ ജിവിതത്തിലേക്കു കൈപിടിച്ചു കയറ്റി ബസിലെ യാത്രക്കാരിയായ വനിത ഡോക്ടര്‍. പുതിയകാവ് സ്വദേശിയായ പുഷ്പയ്ക്കാണ് ജീവന് തിരികെ കിട്ടിയത്.
ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.ജൂനിയ ആണ് പുഷ്പയ്ക്ക് തുണയായത്. തൊടുപുഴ- എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ വെച്ചായിരുന്നു സംഭവം. ബസ്സിലെ ജീവനക്കാരും മറ്റ് യാത്രക്കാരും ഡോക്ടര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നിരുന്നു.
also read: വിവാഹ വീട്ടില്‍ വന്‍ മോഷണം, കള്ളന് കവര്‍ന്നത് വധുവിന് അണിയാനുള്ള 25 പവന് സ്വര്‍ണ്ണം
ബസ് പെരുവംമുഴിയില്‍ എത്തിയപ്പോഴാണു പുഷ്പ സീറ്റില്‍ കുഴഞ്ഞു വീണത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടിയ പുഷ്പയ്ക്ക് യാത്രക്കാര്‍ വെള്ളം കൊടുത്തെങ്കിലും കൂടുതല്‍ അവശയാകുകയും ചലനം നിലയ്ക്കുകയും ചെയ്തു. ഡോക്ടര്‍ ജൂനിയ പുഷ്പയെ പരിശോധിച്ച ശേഷം ഉടന്‍ സിപിആര്‍ നല്‍കുകയായിരുന്നു.
തുടര്‍ച്ചയായി സിപിആര്‍ നല്‍കിയതോടെ പുഷ്പ ശ്വാസം എടുക്കാന്‍ ആരംഭിച്ചെങ്കിലും എഴുന്നേല്ക്കാന് കഴിഞ്ഞില്ല. ബസ് വാളകത്ത് എത്തിയപ്പോള്‍ നിര്‍ത്തിയിടാന്‍ ജുനിയ നിര്‍ദേശിച്ചു. സിപിആര്‍ നല്കുന്നതു തുടര്‍ന്നു. ഇതിനോടകം ബസിലെ യാത്രക്കാര്‍ ആംബുലന്‍സ് സേവനത്തിനായി ശ്രമം ആരംഭിച്ചിരുന്നു.
ആംബുലന്‍സ് എത്തിയപ്പോഴേക്കും പുഷ്പ എഴുന്നേറ്റു നില്ക്കാന് കഴിയുന്ന അവസ്ഥയിലെത്തി. തുടര്‍ന്നു പുഷ്പയെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തര ചികിത്സ നല്‍കിയതിനാലാണ് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു.