കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനാകുകയാണ്. സജീഷ് തന്നെയാണ് വിവാഹക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. അധ്യാപികയായ കൊയിലാണ്ടി പന്തലായനി സ്വദേശി പ്രതിഭയാണ് സജീഷിന്റെ വധു.
തന്റെ മക്കള്‍ക്ക് രണ്ടാനമ്മയായിട്ടല്ല, അമ്മയായി തന്നെ പ്രതിഭയുണ്ടാകും എന്ന് തനിക്ക് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് സജീഷ് പറയുന്നു. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടായിരുന്നു സജീഷ് വിവാഹക്കാര്യം പറഞ്ഞത്.
29ന് വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലാണ് വിവാഹം. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകളുണ്ട്. ലിനിയുടേതുള്‍പ്പെടെ മൂന്ന് കുടുംബങ്ങളും ചേര്‍ന്നാണ് സജീഷിന്റെ വിവാഹം ഉറപ്പിച്ചത്. വിവാഹത്തിന്റെ ആലോചനകള്‍ നടക്കുമ്പോഴേ എന്റെ ജീവിതത്തെ കുറിച്ചും ജീവിതത്തില്‍ ലിനിക്കുള്ള സ്ഥാനത്തെ കുറിച്ചും ഞാന്‍ പ്രതിഭയെ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്ന് സജീഷ് പറഞ്ഞു.
അത് പ്രതിഭയും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ഉള്‍ക്കൊണ്ടിട്ടുണ്ട്. ലിനിയുടെ മരണവും അത് എനിക്കുണ്ടാക്കിയ വേദനയും എത്രത്തോളം വലുതാണെന്ന് ഓരോ മലയാളിയേയും പോലെ പ്രതിഭയ്ക്കും അറിയാം. എന്റെ കുഞ്ഞുങ്ങളുടെ ഒറ്റപ്പെടല്‍ ഒരമ്മയുടെ മനസോടെ പ്രതിഭ തിരിച്ചറിഞ്ഞിടത്താണ് ഞങ്ങള്‍ ഒരുമിക്കാനുള്ള തീരുമാനം ഉണ്ടായത് എന്ന് സജീഷ് പറയുന്നു.
also read: സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ല; പരാതിയുമായി കോഴിക്കോട്ടെ വിദ്യാർത്ഥികൾ
പ്രതിഭ ജീവിതത്തിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ആലോചനയുടെ തുടക്കം മുതലേ പുതിയൊരു അമ്മവരികയാണെന്ന സത്യം അവര്‍ മനസിലാക്കി. അമ്മയെന്നാണ് അവര്‍ പ്രതിഭയെ വിളിക്കുന്നത്. എന്റെ കുഞ്ഞുങ്ങളുടെ തിരിച്ചറിവ് ദൈവാനുഗ്രഹമാണെന്ന് സജീഷ് പറഞ്ഞു.