തിരുവനന്തപുരം: പ്രിയപ്പെട്ട ഗോപിക ടീച്ചറുടെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ശാസ്തമംഗലം ആര് കെഡിഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ആറുദിവസം മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്കൂളിനുസമീപം ശ്രീവല്ലഭയില്‍ ഗോപികാറാണി(47) എന്ന ഗോപിക ടീച്ചര്‍ മരിച്ചത്.
ഒരു അധ്യാപികയെന്നതിനപ്പുറം സ്നേഹത്തിന്റെ നിറകുടമായ ടീച്ചറുടെ വിയോഗം വിദ്യാര്‍ത്ഥികളെയും സഹപ്രവര്‍ത്തകരെയും തളര്‍ത്തിയിരുന്നു. എന്നാല്‍ മരണശേഷവും മൂന്നുപേര്‍ക്ക് ജീവന് പകരുകയാണ് ഗോപിക ടീച്ചര്‍. ടീച്ചറുടെ കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ് എന്നിവ വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യുകയാണ് ബന്ധുക്കള്‍.
also read: എസ്എച്ച്ഒ ആയി ചുമതലയേറ്റിട്ട് 17 ദിവസം മുമ്പ്, പോലീസുദ്യോഗസ്ഥന് ജീവനൊടുക്കിയ നിലയില്‍
ഒരു അധ്യാപികയെന്ന നിലയില്‍ കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ സദ്ഗുണങ്ങള്‍ നിര്‍ലോഭം പകര്‍ന്നു നല്കുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന് ബന്ധുക്കള്‍ ആഗ്രഹിച്ചിരുന്നു. കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി (കെ സോട്ടോ) ബന്ധപ്പെട്ട ബന്ധുക്കളുടെ തീരുമാനത്തെ അധികൃതര്‍ അത്യന്തം ആദരവോടെയാണ് സ്വീകരിച്ചത്.
കുട്ടികള്‍ക്ക് പ്രിയങ്കരിയായിരുന്ന ടീച്ചര്‍ സ്വന്തം വീട്ടില്‍ വിളയിച്ച പച്ചക്കറികളും ഫലവര്‍ഗങ്ങളുമായി ഭര്‍ത്താവിനും മകനും ഒപ്പം സ്കൂളിലെത്തി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്കാറുണ്ടായിരുന്നു. ഹോപ്പ് എന്ന പദ്ധതിയില്‍ സ്വമേധയാ അംഗമാകുകയും, പഠനം പാതിവഴിയില്‍ നിലയ്ക്കുകയും തോറ്റു പോകുകയും ചെയ്ത കുട്ടികള്‍ക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷന് നല്‍കുകയും ചെയ്തിരുന്നു.