കൊല്ലം: കൊല്ലത്ത് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനിടെ 108 ആംബുലന്‍സ് ജീവനക്കാരെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കാവനാട് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് പൈലറ്റ് ശരത്ത്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വിനീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കണ്ട്രോള് റൂമില്‍ ലഭിച്ച അത്യാഹിത സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്ന് ശ്വാസ തടസത്തെ തുടര്‍ന്ന് അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്ത യുവാവിനെ എടുക്കാന്‍ പോകുന്നതിനിടയിലാണ് സംഭവം.
വള്ളികീഴ് ക്ഷേത്രത്തിന് സമീപം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നുപോകുന്നതിനാല്‍ വലിയ രീതിയില്‍ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഈ സമയം അതുവഴി വന്ന 108 ആംബുലന്‍സിനെ ഘോഷയാത്ര നിയന്ത്രിക്കുകയായിരുന്ന ഇരുപതോളം വരുന്ന സംഘം തടയുകയും ജീവനക്കാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
സയറന്‍ ഇട്ട് വന്നത് ചോദ്യം ചെയ്താണ് ആംബുലന്‍സ് തടഞ്ഞത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്ന് അടിയന്തിരമായി രോഗിയെ എടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞെങ്കിലും അക്രമി സംഘം വകവെച്ചില്ല എന്ന് ജീവനക്കാര്‍ പറയുന്നു.
മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയ 108 ആംബുലന്‍സ് ജീവനക്കാര്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആംബുലന്‍സിനും കേടുപാടുകള്‍ സംഭവിച്ചതായി ജീവനക്കാര്‍ പറയുന്നു.