മലപ്പുറം: നടുറോഡിൽ അശ്രദ്ധമായി തിരിച്ച കാറിൽ ഓട്ടോ ഇടിച്ച് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഓട്ടോ യാത്രിക്കാരിയായ 30 കാരി മരിച്ചു. കിടങ്ങഴി കല്ലിടുമ്പ് പുളിയഞ്ചാലിൽ മുഹമ്മദ് – ആസ്യ ദമ്പതികളുടെ മകൾ തസ്നിയ (30) ആണ് മരിച്ചത്. മഞ്ചേരി കളത്തുംപടിയിലായിരുന്നു അപകടം.
കാരാപറമ്പിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ തസ്നിയ കിടങ്ങഴിയിലെ വീട്ടിൽ നിന്ന് ഓട്ടോയിൽ സ്ഥാപനത്തിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.
റോഡിൽ അശ്രദ്ധമായി തിരിച്ച കാറിൽ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോയിൽ നിന്ന് തസ്നിയ റോഡിലേക്ക് തെറിച്ചുവീണതാണ് പരിക്ക് ഗുരുതരമാകാൻ കാരണം. തലക്ക് സാരമായി പരുക്കേറ്റ യുവതിയെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: കാവനൂർ ഇരിവേറ്റി ചൂരത്തുകുണ്ട് ഫിർദൗസ്. മകൾ: മിൻഹ. സഹോദരങ്ങൾ: മൻസൂർ, റസിയ, പരേതനായ നൗഫൽ. എസ്ഐ പികെ. ഖമറുസ്സമാൻ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കിടങ്ങഴി ജുമാ മസ്ജിദിൽ ഖബറടക്കി.