ആലപ്പുഴ: സഹോദരിക്കുവേണ്ടി കളക്ടര്‍ മാമന്റെ സഹായം തേടി സോഷ്യല്‍ മീഡിയയില്‍ സന്ദേശമയച്ച് പെണ്‍കുട്ടി. മാരാരിക്കുളം സ്വദേശിയായ മീനാക്ഷിയുടെ പരാതി കണ്ട ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ പെണ്‍കുട്ടിയുടെ വീട്ടിലെത്തി നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ കളക്ടര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെറിബ്രല്‍ പാള്‍സി ബാധിച്ച തന്റെ സഹോദരിക്കുവേണ്ടിയാണ് മീനാക്ഷി കളക്ടറോട് സഹായം അഭ്യര്‍ഥിച്ചത്. വീടിനടുത്ത് പ്രവര്‍ത്തിക്കുന്ന തടിയറപ്പ് മില്ലില്‍ നിന്നുള്ള പരിസര മലിനീകരണം സുഖമില്ലാതെ കിടക്കുന്ന ചേച്ചിക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് മീനാക്ഷി കളക്ടറോട് അപേക്ഷയുമായി എത്തിയത്.
‘കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ഫേസ്ബുക്കില്‍ മെസേജായും കമന്റായും ഈ മോള് ഒരു സഹായം ചോദിച്ചിരുന്നു. ഇന്ന് ഞാനീ മോളെ വീട്ടില്‍ പോയി കണ്ടു. ഇവരുടെ ആവശ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഇവരുടെ പ്രശ്ന പരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.’ കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൃഷ്ണ തേജ 2019ല്‍ സബ് കളക്ടര്‍ ആയിരിക്കുന്ന കാലത്തും മീനാക്ഷിയും കുടുംബവും ഇതേ പരാതി സമര്‍പ്പിച്ചിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മാരാരിക്കുളം പഞ്ചായത്തിനും വിഷയത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും കൃഷ്ണതേജ സ്ഥലം മാറിപ്പോയി. ഇതോടെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
എന്നാല്‍ ഇപ്പോള്‍ വീണ്ടും അദ്ദേഹം കളക്ടര്‍ ആയി ആലപ്പുഴയില്‍ മടങ്ങിവന്നതോടെയാണ് മീനാക്ഷി സഹോദരിക്കായി സഹായം ചോദിച്ചു എത്തിയത്. പരിഹാരം ഉണ്ടാവുന്ന പ്രതീക്ഷയിലാണ് മീനാക്ഷിയും കുടുംബവും.