പറവൂര്‍ : ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് രണ്ടാനമ്മയുടെ കൊടുംക്രൂരത. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് മലം തീറ്റിക്കുകയും ചുമയുടെ മരുന്നെന്നു പറഞ്ഞ് മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടാനമ്മ പിടിയിലായി. പറവൂര്‍ ചിറ്റാറ്റുകര പഞ്ചായത്തിലെ ആശവര്‍ക്കറായ രമ്യയാണ് പോലീസിന്റെ പിടിയിലായത്.
രമ്യ ആറാം ക്ലാസുകാരിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ വെച്ച് താന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് പെണ്‍കുട്ടി ക്ലാസ് ടീച്ചറോടും തുടര്‍ന്ന് പ്രിന്‍സിപ്പലിനോടും വെളിപ്പെടുത്തിയപ്പോഴാണ് കൊടുംക്രൂരത പുറത്ത് വന്നത്.
തുടര്‍ന്ന്, കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, ചൈല്‍ഡ് വെല്‍വെഫയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. സിഡബ്ല്യുസി നല്കിയ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പറവൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാനായി പൊലീസ് സിഡബ്ല്യുസിയോട് കുട്ടിക്ക് കൗണ്‍സലിംഗ് നല്കണമെന്നാവശ്യപ്പെട്ടു.
കൗണ്‍സലിംഗിലും കുട്ടി തന്റെ മൊഴികള്‍ ആവര്‍ത്തിച്ചു. കൗണ്‍സിലര്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് രണ്ടാനമ്മയെ അറസ്റ്റ് ചെയ്തതെന്ന് പറവൂര്‍ എസ്ഐ പറഞ്ഞു. രണ്ടാനമ്മ ഇരുമ്പുവടി കൊണ്ട് അടിക്കുകയും ശരീരത്തില്‍ പൊള്ളിക്കുകയും ചെയ്തതായി ആരോപണം ഉണ്ട്. മര്‍ദ്ദനവിവരം പുറത്തുപറയാതിരിക്കാന്‍ മുറിയില്‍ പൂട്ടിയിട്ട് മലം തീറ്റിച്ചതായും ചുമയുടെ മരുന്നെന്നു പറഞ്ഞ് മൂത്രം കുടിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛന് ബിനു പെയിന്റിംഗ് തൊഴിലാളിയാണ്. ഇയാള്‍ പല ദിവസവും മദ്യപിച്ചാണ് വീട്ടില്‍ വരുന്നത്. കുട്ടിക്ക് അച്ഛനെയും പേടിയായിരുന്നുവെന്നാണ് വിവരം. ബിനു രമ്യയുമായി അടുത്തപ്പോഴാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതെന്നാണ് വ്യക്തമായത്. വെള്ളിയാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍.