തൃക്കരിപ്പൂര്‍: കൊതുമ്പ് വഞ്ചിയില്‍ മീന്‍ പിടിച്ച് ഉപജീവനം നടത്തുന്ന ഹമീദിനെ തേടിയെത്തി ഭാഗ്യ ദേവത. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് തൃക്കരിപ്പൂര്‍ സ്വദേശി ഹമീദിന് ലഭിച്ചത്.
കെ. വി 119892 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. തന്നെ അപ്രതീക്ഷിതമായി ഭാഗ്യദേവത തേടിയെത്തിയതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഈ ഭാഗ്യവാന് ഇപ്പോള്‍. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം സ്വദേശിയാണ് കെ. സി ഹമീദ്.
വെള്ളിയാഴ്ച വൈകിട്ട് പുലിമുട്ട് പരിസരത്ത് ലോട്ടറി വില്പനക്കെത്തിയ കൃഷ്ണനില്‍ നിന്നാണ് ഹമീദ് 7 ടിക്കറ്റുകള്‍ വാങ്ങിയത്. അതിലൊന്നിനാണ് 80 ലക്ഷം കൈവന്നത്. തന്റെ ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ ലഭിച്ച സമ്മാനമാണിതെന്ന് ഹമീദ് പറയുന്നു.
സമ്മാനാര്‍ഹമായ ടിക്കറ്റ് പടന്നക്കടപ്പുറം സര്‍വീസ് സഹകരണ ബാങ്കിനു കൈമാറി. നാല് മക്കള്‍ അടങ്ങിയ കുടുംബമാണ് ഹമീദിന്റേത്. ഒരു മകന് ഭിന്നശേഷിക്കാരനാണ്. മകന്റെ ചികിത്സക്കും വീട് നിര്‍മിച്ചതിലുള്ള കടവും അലട്ടുന്നതിനിടെയാണ് ഹമീദിനെ ഭാഗ്യം തുണയ്ക്കുന്നത്.