കോഴിക്കോട്: കനത്തമഴയിൽ മണ്ണിടിഞ്ഞു താഴ്ന്ന് വീട് അപകടാവസ്ഥയിൽ. പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജിന് സമീപം താമസിക്കുന്ന തേവർകണ്ടി മീത്തൽ അജിതകുമാരിയുടെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.
ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിലാണ്. അപകടം നടക്കുമ്പോൾ മൂന്നുപേർ വീട്ടിനുള്ളിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് മൂവരും രക്ഷപ്പെട്ടത്. ആർക്കും പരിക്കുകളില്ല. മഴ തുടരുകയാണെങ്കിൽ മണ്ണിടിച്ചിലിൽ വീട് പൂർണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാർ.
കൽക്കെട്ട് നിർമിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല. ഇതോടെ എന്തുചെയ്യുമെന്ന ആശങ്കയിലാണ് കുടുംബം. സംഭവം സംബന്ധിച്ച് ഒളവണ്ണ പഞ്ചായത്ത് അധികൃതർക്ക് അജിതകുമാരി പരാതി നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്.