നാദാപുരം: ഖത്തറിൽ നിന്ന് നാട്ടിലേക്ക് തിരിക്കുകയാണെന്ന് അറിയിച്ച പ്രവാസി യുവാവിനെ കുറിച്ച് വിവരമില്ലെന്ന് പരാതി. തുടർന്ന് ബന്ധുക്കൾ പോലീസിൽ സഹായംതേടി. ഖത്തറിൽ ജോലി ചെയ്യുന്ന ചെക്യാട് പുളിയാവിലെ വാതുക്കൽ പറമ്പത്ത് റിജേഷിനെ (35) കുറിച്ച് ഒരു വിവരവും ഇല്ലെന്ന് കാണിച്ചാണ് സഹോദരൻ പരാതി നൽകിയിരിക്കുന്നത്.
അവസാനമായി ജൂൺ 10നാണ് റിജേഷ് ഫോണിലൂടെ ബന്ധുക്കളുമായി സംസാരിച്ചത്. ജൂൺ 16ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിൽ എത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. പിന്നീട് റിജേഷിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
സ്വർണ്ണക്കടത്ത് സംഘം പേരാമ്പ്രയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നതോടെ ബന്ധുക്കൾക്കുള്ള ആശങ്ക വർധിച്ചിരിക്കുകയാണ്. പിന്നിൽ സ്വർണക്കടത്ത് സംഘത്തിന്റെ കൈകളുണ്ടോ എന്നാണ് ബന്ധുക്കളുടെ ആശങ്ക.