കോട്ടയം: സ്റ്റേഷനറി കടയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം. എംഎൽ റോഡിൽ ബവ്റിജസ് കോർപറേഷന്റെ ഔട്ലെറ്റിന് എതിർവശത്തെ ഗോഡൗണിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്നു പുലർച്ചെ 1.15ഓടെ ആയിരുന്നു തീപിടിച്ചത്. സാധനങ്ങൾ ഏറെയും കത്തിനശിച്ചിട്ടുണ്ട്. 2 മണിയോടെ ഭാഗികമായി തീയണച്ചു.
മാങ്ങാനത്തു താമസിക്കുന്ന ഈരയിൽക്കടവ് സ്വദേശി സുനിൽ വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടം ഗോഡൗണായി ഉപയോഗിച്ചുവരികയായിരുന്നു. സമീപത്തു താമസിക്കുന്ന കെട്ടിട ഉടമയാണ് ഗോഡൗണിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.
അഗ്നിരക്ഷാസേനയുടെ 4 യൂണിറ്റുകൾ എത്തി ഷട്ടറുകൾ തകർത്ത് അകത്തു കയറാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതിനാൽ സാധിച്ചില്ല. തുടർന്നു പുറത്തുനിന്നു വെള്ളം അകത്തേക്ക് ഒഴിച്ചു അണയ്ക്കാൻ ശ്രമം നടത്തുകയും ചെയ്തു. സമീപത്തെ കെട്ടിടത്തിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമവും സേന നടത്തി.