വെഞ്ഞാറമൂട്: സ്വപ്നമായിരുന്ന സ്കേറ്റിങ് ബോര്‍ഡിലെ സാഹസികയാത്ര അവസാനിക്കാന്‍ അഞ്ചുദിവസം മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരം സ്വദേശിയായ യുവാവിന് ഹരിയാനയില്‍ ദാരുണാന്ത്യം. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാരുകുഞ്ഞ് ഷൈലബീവി ദമ്പതികളുടെ മകന് അനസ് ഹജാസ് (31) ആണ് മരിച്ചത്.
സ്കേറ്റിങ് ബോര്‍ഡിലെ കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്കുള്ള യാത്രക്കിടെ റോഡ് അപകടത്തിലാണ് അനസ് മരിച്ചത്. കന്യാകുമാരിയില്‍ നിന്നു മെയ് 29ന് തുടങ്ങിയ യാത്രയ്ക്കാണ് വിധി വിരാമമിട്ടത്. 3600 കിലോമീറ്റര്‍ യാത്രയില്‍ ശേഷിക്കുന്നത് 300 കിലോമീറ്റര്‍ മാത്രമായിരുന്നു.
ഇന്നലെ രാവിലെ 7.30ന് ഹരിയാനയിലെ പഞ്ചകുളയില്‍ ട്രക്ക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അനസ് ഹജാസ് ഹരിയാനയില്‍ പ്രവേശിച്ചപ്പോള്‍ പരിചയപ്പെട്ട മലയാളി സൈക്കിളിങ് താരങ്ങളാണ് ഉച്ചയോടെ ബന്ധുക്കളെ അപകട വിവരം അറിയിക്കുന്നത്.
മൃതദേഹം കല്‍ക്ക സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്.കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ അനസ് ടെക്നോ പാര്‍ക്കിലും പിന്നീട് ,ബീഹാറിലെ സ്വകാര്യ സ്കൂളിലും ഉണ്ടായിരുന്ന ജോലി രാജിവച്ചാണ് സ്കേറ്റിങ് യാത്രകള്‍ക്ക് തുടക്കമിട്ടത്.