കണ്ണൂര്‍: മൂന്നുമണിക്കൂറോളം ആഴമുള്ള കിണറ്റില്‍ കുടുങ്ങിയ അന്‍പതുകാരിയായ ആദിവാസി സ്ത്രീയെ രക്ഷിച്ചു. കണ്ണൂരിലാണ് സംഭവം. ആറളം ഫാം ബ്ലോക്ക് 11 ലെ ബിന്ദു രാജുവിനാണ് സമീപവാസികളായ 2 വീട്ടമ്മമാരുടെ ജാഗ്രതയില്‍ ജീവന് തിരിച്ചു കിട്ടിയത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണു ബിന്ദു എടൂര്‍ മൃഗാശുപത്രിക്ക് സമീപമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണത്. ആദ്യം വെള്ളത്തില്‍ മുങ്ങിപ്പോയെങ്കിലും ഉയര്‍ന്നു വന്ന ഉടന്‍, പടവില്‍ ബിന്ദു അള്ളിപ്പിടിച്ചു കിടന്നു. 3 മണിക്കൂറാണ് ബിന്ദു കിണറ്റില്‍ കിടന്നത്.
തുടര്‍ന്ന് സമീപത്തു താമസിക്കുന്ന ഉഷ, ഷൈന്‍ബി എന്നിവര്‍ ഉച്ചയ്ക്ക് ഒന്നരയോടെ നടന്നു പോകുമ്പോള്‍ കിണറ്റില്‍ നിന്ന് ബിന്ദുവിന്റെ കരച്ചില് കേട്ടു. ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആറളം പഞ്ചായത്ത് അംഗം ബിജു കുറ്റിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും നെടുമുണ്ടയിലെ ജിന്റോയുടെ നേതൃത്വത്തില്‍ കിണറിനകത്ത് ഇറങ്ങി ബിന്ദുവിനെ പുറത്തെത്തിച്ചു, ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കാലിന്റെ മുട്ടിലെ നേരിയ പരുക്ക് അല്ലാതെ മറ്റു പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ വൈകിട്ടോടെ ആശുപത്രി വിട്ടു.