തൃശൂര്‍: മദ്യലഹരിയില്‍ മത്സരിച്ചോടിച്ച കാര്‍ എതിരെ വന്ന ടാക്സിക്കാറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ കൊട്ടേക്കാടാണ് അപകടം. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. അപകടത്തില്‍ ഭാര്യയും മകളും കൊച്ചുമകളും ഉള്‍പ്പെടെ നാലു പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു.
രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന് എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. മദ്യപിച്ച് കാറോടിച്ച അയ്യന്തോള്‍ സ്വദേശി ഷെറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. രാത്രി പത്ത് മണിയോടെയാണ് സംഭവം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു ടാകസി കാറിലുണ്ടായിരുന്നവര്‍.
കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ്, ടാക്സി കാറിലിടിച്ച് അപകടമുണ്ടായത്. മറ്റൊരു ബി എം ഡബ്ല്യു കാറുമായി മത്സര ഓട്ടം നടത്തി വരുന്നതിനിടെയായിരുന്നു ഥാര്‍. ഥാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു.
റൈസ ഉമ്മര്‍ എന്ന ആളുടെ പേരില്‍ ഗുരുവായൂര്‍ രജിസ്ട്രേഷനിലുള്ളതാണ് ഥാര്‍. ഇടിച്ച വാഹനത്തിന്റെ ശബ്ദം മാത്രമാണ് കേട്ടതെന്ന് ടാക്സി ഡ്രൈവര്‍ രാജന് പറയുന്നു. ഒരു കാര്‍ മുന്നില്‍ വേഗതയില്‍ കടന്നുപോയി. ആ കാറിന് പിന്നാലെ വന്ന കാറാണ് ഇടിച്ചത്. വൈദ്യപരിശോധനയില്‍ ഷെറിന് മദ്യപിച്ചതായി തെളിഞ്ഞു.