പത്തനംതിട്ട: പത്തനംതിട്ടയില്‍ പത്താംക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. സീതത്തോട് ആങ്ങമൂഴി സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 32കാരനായ സ്വകാര്യബസ് ഡ്രൈവര്‍ ഷിബിനാണ് അറസ്റ്റിലായത്.
വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് പ്രതി. ഇക്കാര്യം മറച്ചുവെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. മാതാവിന്റെ ഫോണില്‍നിന്നു കുട്ടി ഇയാളെ വിളിക്കാറുണ്ടായിരുന്നു. ഇത് മനസ്സിലാക്കി മാതാവ് കാള്‍ റെക്കോഡര്‍ സംവിധാനം ഫോണില്‍ ഏര്‍പ്പെടുത്തി.
also read: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മകന് പരിക്ക്
കുട്ടിയെ നിരീക്ഷിക്കുകയുംചെയ്തു. ഇതിനിടെ, ഷിബിന്‍ ചൊവ്വാഴ്ച വെളുപ്പിന് കുട്ടിയെ വശത്താക്കി കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി ഫോണില്‍ ഏറ്റവും ഒടുവില്‍ വിളിച്ച നമ്പറിലേക്ക് മാതാവ് വിളിച്ചപ്പോള്‍ മകള്‍ തന്റെയൊപ്പം സുരക്ഷിതയായി ഉണ്ടെന്നും പിറ്റന്ന് രാവിലെ തിരികെയെത്തിക്കാമെന്നും പ്രതികരിച്ചു.
വിദ്യാര്‍ഥിനിയെയുംകൊണ്ട് ഇയാള്‍ ആലപ്പുഴയിലും തുടര്‍ന്ന് ചേര്‍ത്തല, ഏറ്റുമാനൂര്‍ വഴി കോട്ടയത്തും എത്തി. പിന്നീട് മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് തങ്ങി. സുഹൃത്തില്‍നിന്ന് കടംവാങ്ങിയ 500 രൂപയുമായാണ് പ്രതി കടന്നത്.
ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ ജൂവലറിയില്‍ വിറ്റ് 3500 രൂപ വാങ്ങി. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂഴിയാര്‍ പൊലീസ് ഇരുവര്‍ക്കുമായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത് ഇവരെ കണ്ടെത്താന്‍ സഹായകമായി.